കാലിനുണ്ടായിരുന്ന രോഗം ഭേദമായ സന്തോഷവാർത്ത പങ്കുവച്ച് നടൻ സായ് കുമാർ. കാലിൽ രക്തയോട്ടം കുറവായതും വൃക്കക്ക് ഉണ്ടായ അസുഖവുമായിരുന്നു തന്നെ വലച്ചിരുന്നത് താരം പറയുന്നു. യൂട്യൂബ് ചാനലിനോടായിരുന്നു സായ് കുമാറിന്‍റെയും ഭാര്യ ബിന്ദുവിന്‍റെയും പ്രതികരണം. ‘ആറുവർഷത്തിൽ കൂടുതൽ ആയി എനിക്ക് നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയിട്ട്. ഒരുപാട് ആശുപത്രികളിൽ പോയി. കൃത്യമായ കാരണം ആരും പറഞ്ഞില്ല. ബ്ലഡ് റീസർക്കിളിങ് കുറവ് എന്നാണ് പറയുന്നത്. അതിനൊരു പ്രതിവിധി ഇല്ലേ ? ഇല്ല എന്നാണ് പറയുന്നത്. ഞാൻ അലോപ്പതിക്കാരെ കുറ്റം പറയുകയല്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റിബയോട്ടിക് ആയിരുന്നു.
വേദനയോട് ശരീരം മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ടു, ഞങ്ങള്‍ ഒരുമിച്ചു കൈപിടിച്ചായിരുന്നു നടന്നു കൊണ്ടിരുന്നത്. ഒരുപാട് ആശുപത്രികളിൽ പോയി ഒരു മാറ്റവുമില്ലാതെ മടുപ്പുണ്ടായിരുന്ന സമയത്താണ് ഈ ആശുപത്രിയെപ്പറ്റി കേട്ടത്. എന്നാൽ ഒന്ന് വന്നു നോക്കാം എന്ന് കരുതി. എന്റെ അസുഖം വളരെ പഴക്കമേറിയതായിരുന്നു. ഇപ്പോഴെങ്കിലും പ്രതിവിധി ലഭിച്ചത് നന്നായി. ഇപ്പോൾ തനിയെ നടക്കാൻ കഴിയുന്നുണ്ട്. ഇപ്പോള്‍ ഒരുപാട് വ്യത്യാസം വന്നു. കാലില്‍ തൊടുന്നത് പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു.’ കഴിഞ്ഞ പതിനേഴ് വർഷമായി ഷുഗർ ഉണ്ടായിരുന്നുവെന്നും കാലിലെ ഒരു സർജറി കഴിഞ്ഞതിനുശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.