മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്. സ്റ്റൈലീഷ് ലുക്കില്‍ ഹെലികോപ്റ്ററില്‍ പറന്നുയരാന്‍ തുടങ്ങുന്ന ഖുറേഷി അബ്രാമിന്‍റെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ ‘എമ്പുരാനി’ൽ ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണ് പ്രേക്ഷരെ കൂട്ടിക്കൊണ്ടു പോകുന്നത്. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.