ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് പൊലീസ്. ഇത്തരം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ മുന്നറിയിപ്പ് നൽകി. 

വ്യാജ പ്രചാരണങ്ങളുടെയും പരസ്യങ്ങളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു മുന്നറിയിപ്പ്. വ്യാജതലക്കെട്ടോടെ വെബ്സൈറ്റ് ലിങ്കുകളും ഉള്‍പ്പെടുത്തി വെരിഫൈഡ് അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്. ചില ലിങ്കുകൾ ഓപ്പണ്‍ ചെയ്താൽ ചില തട്ടിപ്പ് ട്രേഡിങ് പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളിലാണ് എത്തുക. പൊതുജനങ്ങളെ സൈബര്‍ തട്ടിപ്പുകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കെണികളാണ് ഇവയെന്നും ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് പൊലീസ് പോസ്റ്റിലൂടെ വ്യക്തമാക്കി. ദ് ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ ലോഗോകൾ അടക്കം ഉള്‍പ്പെടുത്തിയാണ് വ്യാജ പോസ്റ്റുകള്‍. ക്രിമിനൽ പ്രവർത്തനങ്ങളിൽ പരസ്യമായി ഏർപ്പെടുന്ന അത്തരം കൈയേറ്റങ്ങൾ കണ്ടെത്തി തടയുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഏതാനും ദിവസങ്ങൾക്കു മുൻപ് ശ്രേയ ഘോഷാൽ തന്നെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 13 മുതലാണ് എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും തന്‍റെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങൾ വിശ്വസിക്കുകയോ ചെയ്യരുതെന്നും ശ്രേയ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Tamil Nadu Police has issued a warning about cyber scams using singer Shreya Ghoshal's photos and news.