image: facebook

പ്രമുഖ പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. അമിതമായ നിലയില്‍ ഉറക്ക ഗുളിക കഴിച്ചാണ് കല്‍പ്പന ജീവനൊടുക്കാന്‍ ശ്രമിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

രണ്ട് ദിവസമായി ഫ്ലാറ്റിന്‍റെ വാതില്‍ തുറക്കുകയോ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യാതിരുന്നത് ശ്രദ്ധിച്ച സുരക്ഷാ ജീവനക്കാരനാണ് അപാര്‍ട്മെന്‍റിലെ മറ്റുള്ളവരെ വിവരമറിയിച്ചത്. ഇവര്‍ പൊലീസില്‍ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന കല്‍പ്പനയെ കണ്ടെത്തിയത്.

ഗായിക ജീവനൊടുക്കാന്‍ ശ്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവ സമയത്ത് കല്‍പ്പനയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. വിവരമറിഞ്ഞതിന് പിന്നാലെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകനായിരുന്ന ടി.എസ്.രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന.

2010 ല്‍ മലയാളത്തിലെ പ്രമുഖ സംഗീത റിയാലിറ്റി ഷോ വിജയിയായിരുന്നു. ഇതിന് പിന്നാലെ ഇളയരാജയ്ക്കും എ.ആര്‍.റഹ്മാനുമെന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം കല്‍പ്പനയ്ക്ക് അവസരം ലഭിച്ചു. സംഗീത കുടുംബത്തില്‍ ജനിച്ചത് കൊണ്ടുതന്നെ അഞ്ചാം വയസ് മുതല്‍ സംഗീതരംഗത്ത് സജീവമാണ് കല്‍പ്പന. വിവിധ ഭാഷകളിലായി 1500ലേറെ പാട്ടുകള്‍ അവര്‍ പാടി. കമല്‍ഹാസനൊപ്പം പുന്നഗൈ മന്നനില്‍ അതിഥി വേഷത്തിലുമെത്തി.  

ENGLISH SUMMARY:

Renowned playback singer Kalpana Raghavendar attempted suicide by overdosing on sleeping pills. She is currently on ventilator support in a Hyderabad hospital. Read more on her condition.

Google Trending Topic- Singer Kalapana