shahabs-manju-pathrose

താമരശ്ശേരിയിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടി മഞ്ജു പത്രോസ്. ഷഹബാസിന്‍റെ മരണം അവനെ ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും ഏതെങ്കിലും ഒരു അച്ഛനും ഒരു അമ്മയ്ക്കും ഈ പ്രവൃത്തികൾ ക്ഷമിക്കാൻ സാധിക്കുമോ എന്നും മഞ്ജു പത്രോസ് ചോദിച്ചു.  തന്‍റെ മകനോടാണിത് ചെയ്തതെങ്കില്‍ താന്‍ ജയിലിൽ ഉണ്ടായേനെയെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ മഞ്ജു പറഞ്ഞു. 

മഞ്ജു പത്രോസിന്‍റെ കുറിപ്പ്

‘‘18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അദ്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും.

എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മയ്ക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല, നഷ്ടപ്പെടുത്തിയത്..കാരണക്കാർ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്.. പരീക്ഷയെഴുതണം പോലും.

ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവൃത്തികൾ.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല.. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല.. ‘അവന്റെ കണ്ണൊന്നു പോയി നോക്ക് നീ’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ... എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്.... ഷഹബാസ്’’ 

ENGLISH SUMMARY:

Actress Manju Patros criticized the death of a student in Thamarassery. Manju Patros asked that Shahbaz's death cannot be tolerated by us who have never seen him in person and can any father and mother forgive these acts. In a note shared on social media, Manju said that if they had done this to her son, she would have been in jail.