കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല. ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും, ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് തള്ളിയത്. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജാമ്യം നല്കിയാല് കുട്ടികള്‍ക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടാകാം. ഈ ഘട്ടത്തില്‍ കുട്ടികള്‍ ഒബ്സർവേഷൻ ഹോമിൽ തന്നെ കഴിയുന്നതാണ് ഉചിതം. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യൻ നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമം പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മാത്രമല്ല, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാൻ കൂടിയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റാരോപിതർക്ക് ജാമ്യം നിഷേധിക്കാൻ സെഷൻസ് കോടതി ഉന്നയിച്ച കാര്യങ്ങളൊന്നും ശരിയല്ലെന്നും, ജാമ്യം അനുവദിച്ചാൽ വിദ്യാർഥികൾ ജില്ലയിൽ പോലും പ്രവേശിക്കില്ലെന്ന് ഉറപ്പു നൽകാമെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ, വിദ്യാർഥി ക്രൂരമായി ആക്രമിക്കപ്പെട്ട കേസാണിതെന്നും, എന്തിനാണ് കുറ്റാരോപിതരായവർ മാരകമായ ആയുധം ഉപയോഗിച്ചതെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍ കാണിച്ച ക്രൂരതയ്ക്ക് മാതാപിതാക്കളും ഉത്തരവാദികളാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും, ഷഹബാസിന്റെ പിതാവും ശക്തമായി എതിർത്തിരുന്നു. താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ ഫെബ്രുവരി 28നാണ് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.