പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാം ഗോപാൽ വർമ തന്‍റെ ‘സാരി’ എന്ന ചിത്രത്തിനായി കണ്ടെത്തിയ നടിയാണ് ആരാധ്യ ദേവി. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടിയുടെ അഭിമുഖങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ വസ്ത്രത്തിന്‍റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വരുന്നത്. അതീവ ഗ്ലാമറസായി സാരി ധരിച്ചാണ് ആരാധ്യ പ്രൊമോഷനെത്തിയത്. വിഷയത്തില്‍ ആരാധ്യ തന്നെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വലിയൊരു കുറിപ്പിലൂടെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആരാധ്യ ദേവിയുടെ കുറിപ്പ്;
'സിനിമയിലും അഭിമുഖങ്ങളിലും ഞാന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ എനിക്കു നേരെ മോശം കമന്‍റുകളും ട്രോളുകളും പടച്ചുവിടുകയാണ് ചിലര്‍. മറ്റ് പല നടിമാരും ഇതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ എന്നെ മാത്രം ഉന്നംവയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മുന്‍പ് ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സിനിമയ്ക്കു വേണ്ടി കാമറയ്ക്കു മുന്നിലേക്ക് ഞാന്‍ വന്നുപെടുന്നതിന് മുന്‍പാണത്. സിനിമ എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നതിന് മുന്‍പായിരുന്നു അത്. സാധാരണ മനുഷ്യരെപ്പോലെ തന്നെ ജോലി സംബന്ധിച്ച് വേണ്ടിവരുന്ന മാറ്റങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകളും മാറ്റിയിട്ടുണ്ട്.
ഇത് ചൂണ്ടിക്കാട്ടുന്നത് ഞാന്‍ പറയുന്നതും ചെയ്യുന്നതും വേറെയാണ് എന്നല്ല, മറിച്ച് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും ചെയ്യുന്നുവെന്നാണ്. സാരി എന്ന ചിത്രത്തിലേക്കുള്ള വിളി വന്നപ്പോള്‍ അത് എന്നില്‍ ഒരുപാട് ആകാംക്ഷയുണ്ടാക്കി. കഥയും കഥാപാത്രവും എന്നെ ആകര്‍ഷിച്ചു. തിരക്കഥ വായിച്ചപ്പോള്‍ അതില്‍ ഗ്ലാമര്‍ എന്നതിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസ്സിലായി. മാത്രമല്ല, അഭിനയത്തിലേക്ക് തിരിയുമ്പോള്‍ പല തരത്തിലുള്ള വസ്ത്രങ്ങളും എനിക്ക് ധരിക്കേണ്ടതുണ്ട്. പല പരിപാടികളിലും പങ്കെടുക്കേണ്ടി വരും.
എന്നെ ട്രോളുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ സ്വയം തിരിച്ചറിവുണ്ടായി എന്നതിന്റെ പേരില്‍ എനിക്കെതിരെ നെഗറ്റീവ് കമന്റിടാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് എനിക്ക് നീതി പുലര്‍ത്തണം. എന്റെ തിരഞ്ഞെടുപ്പുകള്‍ എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അടിസ്ഥാനമാക്കിയല്ല.
എനിക്ക് നല്ലതെന്ന് തോന്നുന്ന ഏതൊരു കഥാപാത്രവും ഞാന്‍ ചെയ്യും. ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സിനിമ ആവശ്യപ്പെടുന്നതെന്തും ചെയ്യും. എന്റെ കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നവരോട് നന്ദി പറയുന്നു. അല്ലാത്തവരോട് എന്റെ യാത്ര എന്റേത് മാത്രമാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. എന്നെ കാമറയുടെ മുന്നിലെത്തിച്ച അതേ ആത്മവിശ്വാസത്തോടേയും പാഷനോടേയും തന്നെ എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും. ഇത് എന്റെ ജീവിതമാണ്. എന്റെ തിരഞ്ഞെടുപ്പാണ്. നന്ദി.'
ശ്രീലക്ഷ്മി സതീഷ് എന്നായിരുന്നു സിനിമയിലേക്ക് എത്തുമുന്‍പ് ആരാധ്യ ദേവിയുടെ പേര്. സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്കുള്ള അവസരം എത്തിയതും. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ 'സാരി' എന്ന ചിത്രത്തില്‍ നായിക വേഷമാണ് നടി അവതരിപ്പിക്കുന്നത്. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേര് നല്‍കിയതും രാംഗോപാല്‍ വര്‍മയാണ്. രവി ശങ്കർ വർമ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമൽ ആണ്. സത്യാ യാദുവാണ് നായകന്‍.