ഒരു കയ്യില്‍ ഒരു പായ്ക്കറ്റ് അരി, തൂക്കി പിടിച്ച് ഒരു കവര്‍ പച്ചക്കറി, നാണത്തോടെ പുഞ്ചിരി, തൊട്ടടുത്ത് വലിയ കവറില്‍ സാധനങ്ങളുമായി ശോഭന, തനി നാടന്‍ ലാലേട്ടനെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയാണ് തുടരും എന്ന ചിത്രത്തിലൂടെ തരുണ്‍ മൂര്‍ത്തി. ചിത്രത്തിലെ ഗാനത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ചിത്രത്തിലെ 'കണ്‍മണി പൂവേ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വിഡിയോയുടെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.
ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. ഈ പാട്ടിന്റെ പ്രമോ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്.