ജീത്തു ജോസഫിന്റെ ത്രില്ലർ മാജിക് വീണ്ടുമെത്തുന്നു. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം സ്ഥിരീകരിച്ച് മോഹൻലാലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’’ എന്ന വാക്കുകളോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. കുടുംബത്തിന് വേണ്ടി എന്തും ചെയ്യുന്ന ജോര്‍ജുകുട്ടിയായി മോഹൻലാൽ എത്തിയപ്പോള്‍ മലയാളികളെ അത് ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയി. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി മലയാള സിനിമാ ചരിത്രത്തില്‍ ഇടംനേടി.
പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ലാണ് ‘ദൃശ്യം 2’ എത്തുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായി എത്തിയ സിനിമ വീണ്ടും പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തി. രണ്ടാം ഭാഗവും സൂപ്പർഹിറ്റായതിനുശേഷം പ്രേക്ഷകര്‍ മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു. ‘ദൃശ്യം 3’ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒരിക്കല്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലാണ് ആരാധകര്‍.