അടുത്തിടെയാണ് നടി രാധിക ആപ്തേ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്തേയും പ്രസവത്തിനു ശേഷവുമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. രാധികയുടെ പ്രഗ്നന്‍സി ഫോട്ടോഷൂട്ടും വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം രാധിക പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഒരു കയ്യില്‍ ബ്രെസ്റ്റ് പമ്പും മറുകയ്യില്‍ ഷാംപെയ്നുമായാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ബാഫ്റ്റ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഈ ചിത്രം പകർത്തിയത്.
'ബാഫ്റ്റയില്‍ പങ്കെടുക്കാന്‍ സാധ്യമായതിന് നടാഷയോട് നന്ദി പറയുന്നു. ബ്രെസ്റ്റ് പമ്പിങ് സമയവും ഭക്ഷണ സമയവും അതിനനുസരിച്ച് ക്രമീകരിച്ചത് നടാഷയാണ്. വാഷ് റൂമില്‍ എന്നെ അനുഗമിക്കുക മാത്രമല്ല, ഒപ്പം ഒരു ഗ്ലാസ് ഷാംപെയ്നും എനിക്കായി കൊണ്ടുവന്നു, അമ്മയാവുന്നതിനൊപ്പം ജോലി ചെയ്യുന്നത് കഠിനകരമാണ്. നമ്മുടെ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത്ര കരുതല്‍ അപൂര്‍വവും അഭിനന്ദിക്കപ്പെടേണ്ടതുമാണ്,'' രാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ഫോട്ടോ പങ്കുവച്ചതിനുപിന്നാലെ രാധികക്കെതിരെ ഒരു വിഭാഗം വിമര്‍ശനുമായി എത്തി. മുലയൂട്ടുന്ന അമ്മയെന്ന നിലയ്ക്ക് നിങ്ങള്‍ മദ്യപിക്കുന്നത് സങ്കടകരമാണെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ചിത്രം പങ്കുവക്കുന്നതിലൂടെ നടി മോശം സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും മറ്റൊരാള്‍ കുറിച്ചു. മുലപ്പാല്‍ പമ്പു ചെയ്യുന്നതിനിടെ മദ്യപിക്കുന്നതിലൂടെ മദ്യത്തിന്‍റെ അംശം പാലിലേക്കും എത്തുമെന്നും അതുവഴി കുഞ്ഞിലേക്കും എത്തുമെന്നും മറ്റൊരാള്‍ കുറിച്ചു.