ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു.
എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.‘എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്’ സുരേഷ് കുമാര്‍ പറഞ്ഞു.
മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ എടുത്തില്ലെന്നും ഇപ്പോള്‍ സംസാരിച്ചാല്‍ ശരിയാകില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു, ‘ഞാന്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് മോഹന്‍ലാല്‍ വിളിച്ചത്, ഞാന്‍ എടുത്തില്ലാ, ഇപ്പോ ഞാന്‍ സംസാരിച്ചാല്‍ അവനുമായി മോശമായ സംസാരമാകും, എനിക്ക് അവനുമായി പ്രശ്നം ഇല്ലാ, സൗഹൃദ കുറവില്ല, ആരേലും സ്ക്രൂ കയറ്റിയാല്‍ ലാല്‍ ചൂടാവും’