പ്രേമലു’വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. താരം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ‘ബ്രോമാൻസ്’ വാലൻന്റൈൻസ് ദിനത്തിൽ റിലീസ് ആയിരുന്നു. ഇപ്പോഴിതാ മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സംഗീത് പ്രതാപ്. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്.
കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ ‘പഴംപൊരിയല്ലേ നല്ലത്’ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. മോഹൻലാൽ തന്നെ പഴംപൊരി എടുത്ത് സംഗീതിനു നൽകി. പിന്നീട് ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. ‘വേറെ ആരുടെയെങ്കിലും ബർത്ത്ഡേ ഉണ്ടാ’ എന്നു കുസൃതിയോടെ ചോദിച്ചാണ് മോഹൻലാൽ മടങ്ങിയത് .ജന്മദിന സ്പെഷൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം താരം കേക്കും മുറിച്ചു. താരത്തിന്റെ ഭാര്യയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലെത്തിയിരുന്നു.