TOPICS COVERED

ഭാര്യയുമായുള്ള പ്രായവ്യത്യാസത്തിന്‍റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടന്‍ സാഹില്‍ ഖാന്‍.പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടതില്ല എന്നാണ് താരത്തിന്‍റെ പ്രതികരണം.വാലന്‍റൈന്‍സ് ദിനത്തിലാണ് സാഹില്‍ ഖാനും അര്‍മേനിയക്കാരിയായ 22 കാരി മിലേന അലക്സാന്ദ്രയും വിവാഹിതരായത്.ബുര്‍ജ് ഖലീഫയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.തൊട്ടുപിന്നാലെ ഇരുവരുടെയും പ്രായ വ്യത്യാസത്തെ ചൊല്ലി നടന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയര്‍ന്നു.26 വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ഇപ്പോൾ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടതില്ലെന്നും പ്രായം മാറ്റി നിര്‍ത്തിയാല്‍ കൃത്യമായ നിലപാടുള്ളയാളും, പക്വതയുള്ളയാളും ജീവിതത്തെ ആഴത്തില്‍ മനസിലാക്കിയ വ്യക്തിയുമാണ് മിലേനയെന്ന് സാഹില്‍ ഖാൻ പറഞ്ഞു. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. 

പരസ്പരം കണ്ടുമുട്ടിയതിനെക്കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നു.‘പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടതില്ല.അതിന് ഉത്തമ ഉദാഹരണമാണ് ഞങ്ങള്‍. മിലേനയും അത്തരത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. പ്രണയം രണ്ടുപേര്‍ തമ്മിലുള്ള മനസിലാക്കലുകളിലും ആഴത്തിലുള്ള ബന്ധത്തിലും ഒന്നിച്ചുള്ള വളര്‍ച്ചയിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഞാന്‍ മിലേനയെ കാണുമ്പോള്‍ അവള്‍ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. കണ്ടമാത്രയില്‍ തന്നെ രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായി. പ്രായം മാറ്റി നിര്‍ത്തിയാല്‍ കൃത്യമായ നിലപാടുള്ളയാളും, ജീവിതത്തെ ആഴത്തില്‍ മനസിലാക്കിയ വ്യക്തിയുമാണ് മിലേന. ഭാവിയെ കുറിച്ച് അര്‍ഥവത്തായ സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. മിലേന ഇന്ന് എന്‍റെ ഭാര്യയാണ്, എല്ലാവരുടെയും അനുഗ്രഹാശംസകളാണ് ഞങ്ങള്‍ക്ക് വേണ്ടത്'- സഹില്‍ പറഞ്ഞു.

ENGLISH SUMMARY:

Bollywood actor Sahil Khan married 22-year-old Armenian model Milena Alexandra on Valentine's Day at the Burj Khalifa in Dubai. He shared photos of their Christian-style wedding attire on social media. The 26-year age difference between the couple has sparked intense criticism and discussions on social media platforms.