ജി.സുരേഷ് കുമാറും ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ അനുനയനീക്കവുമായി ലിസ്റ്റിൻ സ്റ്റീഫൻ. ആന്‍റണിക്ക് പിന്തുണയുമായി മോഹൻലാല്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് പ്രശ്നം പരിഹാരത്തിന് സജീവനീക്കം നടക്കുന്നത്. സംഘടനാതലത്തിൽ സുരേഷ് കുമാറും ആന്‍റണി പെരുമ്പാവൂരുമായി ഉടൻ സംസാരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററായ ലിസ്റ്റിൻ പറഞ്ഞു.
എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമകളുടെ ബജറ്റിനെകുറിച്ചുള്ള ജി.സുരേഷ് കുമാറിന്‍റെ വെളിപ്പെടുത്തലുകളെ ചോദ്യം ചെയ്ത ആന്‍റണി പെരുമ്പാവൂരിനെ നേരത്തെ നിർമാതാക്കളുടെ സംഘടന തള്ളിയിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുന്നത്. ജൂൺ ഒന്ന് മുതലുള്ള സിനിമാസമരം വേണ്ടെന്നാണ് തന്‍റെ വ്യക്തിപരമായ നിലപാടെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ലിസ്റ്റിൻ ആവശ്യപ്പെട്ടു.
സിനിമാ മേഖലയിലെ തര്‍ക്കം അവര്‍ തന്നെ തീര്‍ക്കുമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. പ്രധാന നടന്‍മാര്‍ക്ക് അവരുടെ മൂല്യത്തിനനുസരിച്ച് പണം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും സജി ചെറിയാന്‍ ആലപ്പുഴയിൽ പറഞ്ഞു.