parvathy

Picture Credit: @par_vathy

സിനിമ ജീവിതത്തെക്കുറിച്ചും നിലവിലെ സിനിമാ സാഹചര്യങ്ങളെയും കുറിച്ച് മനസ്സുതുറന്ന് നടി പാര്‍വതി തിരുവോത്ത്. അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നതു മുതല്‍ ഡബ്ലു.സി.സി രൂപീകരണം, ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുണ്ടായ അകല്‍ച്ച, സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതടക്കം തന്നെ സംബന്ധിച്ച പല കാര്യങ്ങളും പാര്‍വതി ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

തുടക്ക കാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തില്‍ വന്ന് അര്‍ഥവത്തായ സിനിമകള്‍ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാല്‍ എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ സിനിമകള്‍ കുറവാണ്, പക്ഷേ ഫാഷന്‍ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത് എന്നും പാര്‍വതി. ആദ്യം അഭിനയം എന്‍റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി. സമൂഹമാധ്യമത്തിന്‍റെ അതിപ്രസരം അത്രമേലുണ്ടായിരുന്ന ഒരു കാലത്തായിരുന്നില്ല എന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കമെന്നതും നന്നായി. 

അതിനു ശേഷമുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. ചോദ്യങ്ങള്‍ ചോദിക്കുന്ന എന്‍റെ സ്വഭാവവും ഡബ്ലൂ.സി.സിയുമൊക്കെയായപ്പോള്‍ ആളുകള്‍ എന്‍റെ മുഖത്തുപോലും നോക്കാതെയായി. പക്ഷേ ഞാന്‍ സിനിമ മേഖലയിലെ സമത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂര്‍ണബോധ്യമുണ്ട്. ഇങ്ങനെ പറയാന്‍ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകള്‍ ചെയ്ത് കാശുണ്ടാക്കിയതു കൊണ്ടാണ് എനിക്ക് നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാകുന്നത്. നല്ലൊരു മനുഷ്യനാകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്, പാര്‍വതി അഭിമുഖത്തില്‍ പറയുന്നു.

എനിക്ക് സിനിമാ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണല്ലോ. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക?. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എനിക്കു കിട്ടേണ്ട അത്രയും സിനിമകൾ കിട്ടിയില്ല എന്നും പാര്‍വതി വ്യക്തമാക്കുന്നു.

തമാശക്കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അഭിമുഖത്തില്‍ പാര്‍വതി പറയുന്നുണ്ട്. സംവിധാനത്തിലേക്ക് കടക്കുന്നുവെന്നും താരം വെളിപ്പെടുത്തി. പല പ്രൊജക്ടുകളുടെയും എഴുത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയാനാവില്ല, അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും പാര്‍വതി വെളിപ്പെടുത്തി.

ENGLISH SUMMARY:

Actress Parvathy Thiruvothu opened up about her film career and the current state of the film industry. She spoke candidly about various aspects of her journey, including her entry into acting, the formation of the WCC, the rifts within the film industry, and the loss of opportunities in cinema. ‌At the beginning of my career, some advised me to go to Telugu cinema, do item dances to make money, and later return to Kerala to do meaningful films. But I was never interested in that. Right now, I have fewer film projects, but I stay busy with fashion photoshoots and various other activities. I truly enjoy what I do, said Parvathy.