manju-warrier

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയവർ ഇപ്പോൾ സംഘടനയിൽ സജീവമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇതിന്‍റെ പേരില്‍ ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇരുവരും സംഘടനയില്‍ സജീവമല്ലാത്തത് എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്.

മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാൻ എന്നോട് ചോദ്യം ചോദിക്കുന്നത് ശരിയല്ല. എനിക്ക് എന്റെ കാര്യങ്ങളെ പറയാൻ കഴിയൂ. അവരോടുള്ള ചോദ്യങ്ങൾ അവർക്കു നേരെയാണ് ഉന്നയിക്കേണ്ടതെന്നാണ് പാർവതി തിരുവോത്ത് വ്യക്തമാക്കിയത്. ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്. 

‘അത് നിങ്ങൾ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ടയാൾ ഞാനല്ല. എല്ലായ്‍പ്പോഴും എന്നോടു തന്നെ ഈ ചോദ്യം ചോദിക്കുന്നത് ന്യായമല്ലെന്ന് എനിക്കു തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഇത് എന്നോടു ചോദിക്കുന്നത് ? അവരോടല്ലേ ഇതു ചോദിക്കേണ്ടത് ? നിങ്ങൾക്ക് അവരുടെ അഭിമുഖങ്ങൾ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ. പക്ഷേ വളരെ സൗകര്യപ്രദമായി, സുഖകരമായി നിങ്ങൾ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ കൂടുതൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

എന്തുകൊണ്ടാണ് ഈ സ്പേസ് നിങ്ങൾ സംസാരിക്കാൻ അധികം അവസരം ലഭിക്കാത്ത ആളുകൾക്ക് കൊടുക്കാത്തത്? എനിക്കും അറിയാൻ ആഗ്രഹമുണ്ട്. നിങ്ങൾ അവരോടു ചോദിക്കുമ്പോൾ അവർ എന്തു മറുപടിയാണ് നൽകുന്നത് ? ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവൻ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. നിങ്ങൾ മാധ്യമങ്ങളാണ്, നിങ്ങൾ അന്വേഷകരാണ്, സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്. എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല. എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് പറയാൻ കഴിയുക. മറ്റൊരാളെക്കുറിച്ചോ അവരുടെ അഭിപ്രായങ്ങളെക്കുറിച്ചോ എന്നോടു ചോദിക്കുന്നത് ന്യായമല്ല,’– പാർവതി തിരുവോത്ത്.

ENGLISH SUMMARY:

Parvathy Thiruvothu explained the reason why Manju Warrier is not active in WCC.