മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ കൂട്ടുകെട്ടായ മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന് തുടക്കമായി. പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ ആരംഭം കുറിച്ചത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാലേട്ടന്‍റെ പുതിയ ലുക്ക് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് പൂജ ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്നാണ് ചടങ്ങിന് തിരിതെളിയിച്ചത് .
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിച്ച അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഒന്നാണ് ഹൃദയപൂര്‍വ്വം എന്ന പ്രത്യേകതയുമുണ്ട്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കോമ്പോയില്‍ ഒടുവിലായി പുറത്തിറങ്ങിയത്.