ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ച സംഭവത്തില്‍ ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരിക്കുകയാണ്. എന്നാല്‍ ഉദിത്ത് നാരായണനെ അനുവാദമില്ലാതെ ആരാധിക ചുംബിച്ചത് തെറ്റല്ലേ എന്നതാണ് ഒരുകൂട്ടം ആളുകള്‍ ഉയർത്തുന്ന ചോദ്യം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായപ്രകടനം. ആരാധികമാരായ പെൺകുട്ടികൾ സ്വയം മുന്നോട്ടുവന്നു അദ്ദേഹത്തിന്റെ അനുവാദം പോലുമില്ലാതെ കവിളിൽ ചുംബിച്ചതിനെ ആരും വിമർശിക്കുന്നില്ലെന്നും പുരുഷൻ എന്തെങ്കിലുമൊന്ന് ചെയ്യുമ്പോൾ മാത്രമാണ് ഓഡിറ്റിങ്ങിനു വേണ്ടി എല്ലാവരും തുനിഞ്ഞിറങ്ങുന്നതെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പെണ്ണിന് ആകാമെങ്കിൽ എന്തുകൊണ്ട് ആണിന് ആയിക്കൂടാ...?
സംഗീത പരിപാടിക്കിടെ സെൽഫി എടുക്കാനെത്തിയ ആരാധികമാരെ ഗായകൻ ഉദിത് നാരായൺ ചുംബിച്ചത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ഗാനം പാടുന്നതിനിടയിൽ ഒരു ആരാധിക വേദിയിലേക്ക് കടന്നുവരികയും സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികമാരെ ഉദിത് നാരായൺ ചുംബിക്കുകയുമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പലരും സാമൂഹ്യ മാധ്യമങ്ങളിൽ ഗായകന് സദാചാരത്തിന്റെ ക്ലാസ് എടുക്കുകയാണ്. വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്നും എന്തൊക്കെ ചെയ്യാമെന്നുമടക്കം നീണ്ട ക്ലാസുകളാണ് ഗായകന് പലരും നൽകുന്നത്. ശരിക്കും ഗായകന് ആദ്യം ചുംബനം നൽകുന്നത് ആരാധിക തന്നെയാണ്. അതിനു മറുപടി എന്നോണം ആണ് ഗായകൻ തിരികെ ചുംബനം നൽകുന്നത്. പിന്നീട് വന്ന ആരാധകന്മാർ സ്വയമാണ് ചുംബനത്തിന് വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നത്. ആരാധികമാരായ പെൺകുട്ടികൾ സ്വയം മുന്നോട്ടുവന്നു അദ്ദേഹത്തിന്റെ അനുവാദം പോലുമില്ലാതെ കവിളിൽ ചുംബിച്ചതിനെ ആരും വിമർശിക്കുന്നതുമില്ല. അതേപോലെതന്നെ അതിലെ ശരി തെറ്റുകളെ പോസ്റ്റുമോർട്ടം നടത്തുന്നതുമില്ല. ഒരു പുരുഷൻ എന്തെങ്കിലുമൊന്ന് ചെയ്യുമ്പോൾ മാത്രമാണ് ഓഡിറ്റിങ്ങിനു വേണ്ടി എല്ലാവരും തുനിഞ്ഞിറങ്ങുന്നത്. ഈ പ്രവണത ഒരിക്കലും ശരിയല്ല. 'പുരുഷ കമ്മീഷൻ' വേണമെന്ന് അടക്കമുള്ള വാദങ്ങൾക്ക് ശക്തി ലഭിക്കുന്നതും ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ മാത്രമാണ്.
ടിപ് ടിപ് ബര്‍സാ പാനി എന്ന പാട്ട് പാടിക്കൊണ്ടിരിക്കെയാണ് വിവാദ ചുംബനമുണ്ടായത്. പാട്ടുപാടിക്കൊണ്ടിരിക്കെ ആരാധികമാരിലൊരാള്‍ സ്റ്റേജിനടുത്തേക്ക് ഓടി സെല്‍ഫിയെടുക്കാനെത്തുന്നതും ഉദിത് നാരായണന്‍റെ കവിളില്‍ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ഉദിത് നാരായണനും തിരിച്ച് മുഖത്ത് ചുംബിച്ചു. ബോഡിഗാര്‍ഡുകളടക്കം ഉടനടി പാഞ്ഞെത്തി സ്റ്റേജിന്‍റെ മുന്‍വശത്ത് നിന്നും ആളുകളെ നീക്കുകയായിരുന്നു.
ചുംബന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പാട്ടുകാര്‍ ഡീസന്‍റാണെന്നും ആരാധകരുടെ സ്നേഹ പ്രകടനത്തെ പെരുപ്പിച്ച് കാണിക്കേണ്ടെന്നുമുള്ള വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉദിതിനെതിരെ ഉയരുന്നത്. ' സഭ്യതയുടെ അതിര്‍ത്തി ഭേദിച്ചുവെന്നും, പൊതുസ്ഥലത്ത് ഗായകര്‍ കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നായിരുന്നുമൊക്കെയാണ് ഉയരുന്ന അഭിപ്രായങ്ങള്‍.