TOPICS COVERED

കൊച്ചി തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി നടി സാമന്ത. വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും 2025 ആയിട്ടും വെറുപ്പും വിഷവും ഉള്ളില്‍  നിറച്ച കുറച്ചുപേര്‍ കാരണം മിടുക്കനായ ഒരു കുട്ടിയെ നഷ്ടമായെന്നും സാമന്ത കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരത്തിന്‍റെ പ്രതികരണം.

'അധിക്ഷേപവും പീഡനവും റാഗിങ്ങും നിരുപദ്രവകരമായ സമ്പ്രദായങ്ങളല്ലെന്നാണ് മിഹിറിന്‍റെ ദുരന്തപൂര്‍ണമായ മരണം ഓര്‍മിപ്പിക്കുന്നത്. അത് അക്രമമാണ്-മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവുമായ അക്രമം. നമുക്ക് ശക്തമായ റാഗിങ് വിരുദ്ധ നിയമങ്ങളുണ്ട്. എന്നിട്ടും നമ്മുടെ കുട്ടികള്‍ നിശബ്ദരാവുന്നു, സംസാരിക്കാൻ ഭയപ്പെടുന്നു, അനന്തരഫലങ്ങളെ ഭയപ്പെടുന്നു, ആരും കേൾക്കാനില്ലെന്ന് കരുതുന്നു. നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത്?’ 

‘വെറും അനുശോചനം കൊണ്ട് ഇതിനെ നേരിടാൻ കഴിയില്ല. നടപടി വേണം. അധികാരികൾ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സത്യത്തെ സംവിധാനങ്ങള്‍ നിശബ്​ദമാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മിഹിർ നീതിക്ക് അർഹനാണ്. അടിയന്തര നടപടി സ്വീകരിക്കണം’ – സാമന്ത ആവശ്യപ്പെട്ടു.

എവിടെ അധിക്ഷേപം കണ്ടാലും പ്രതികരിക്കാന്‍ തന്‍റെ ഫോളോവേഴ്സിനോട് സാമന്ത അഭ്യര്‍ഥിച്ചു. ‘ഇരയെ പിന്തുണയ്ക്കുക. നിശബ്ദത അധിക്ഷേപത്തെ പിന്തുണയ്ക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ നേരിട്ടാല്‍ സഹായം തേടുക. എപ്പോഴും ഒരു വഴിയുണ്ട്. ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം. മിഹിറിന്‍റെ മരണം തിരിച്ചറിവിന് വഴികാട്ടിയാകണം. അവന് നീതി ഉറപ്പാക്കുക എന്നത് മറ്റൊരു വിദ്യാർഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അത്രമാത്രം നാം അവനോട് കടപ്പെട്ടിരിക്കുന്നു. #ജസ്റ്റിസ് ഫോർ മിഹിർ' – സാമന്ത കുറിച്ചു.

മിഹിറിന്‍റെ ആത്മഹത്യയ്ക്കുകാരണം സ്കൂളിലെ റാഗിങ് ആണെന്ന് അമ്മ ആരോപിച്ചിരുന്നു. ശുചിമുറിയിൽ വച്ചു കുട്ടിയെ മർദ്ദിച്ചെന്നും ടോയ്‍ലറ്റ് സീറ്റ് നക്കിച്ചെന്നും അവര്‍ ആരോപിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഈമാസം 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്‍റെ ഇരുപത്തിയാറാം നിലയിൽ നിന്ന് ചാടി 16 വയസ്സുകാരന്‍ ജീവനൊടുക്കിയത്.

ENGLISH SUMMARY:

Actress Samantha reacted to the tragic death of Mihir, a student who took his own life due to alleged ragging. She expressed her heartbreak through an Instagram story, lamenting the loss of a brilliant young life. Samantha condemned the actions of those responsible, stating that their hatred and venom led to the tragic incident.