തബലയില്‍ വിസ്മയം തീര്‍ത്ത ഉസ്‌താദ് സാക്കിര്‍ ഹുസൈനെ എല്ലാവര്‍ക്കുമറിയാം എന്നാല്‍ ബേബി ഖുറേഷി എന്ന നിര്‍ഭാഗ്യവാനായ കുട്ടിയെയോ? മാഹിമിലെ ഒരു നഴ്‌സിങ് ഹോമിലായിരുന്നു സാക്കിര്‍ ഹുസൈന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ ജനനസമയത്ത് അച്ഛന്‍ അല്ലാ രഖാക്ക് രോഗം മൂര്‍ച്ഛിച്ച് അവസ്ഥയായിരുന്നതിനാല്‍ നഴ്‌സിങ് ഹോമില്‍ പിറന്നു വീണ തന്‍റെ കുഞ്ഞിനെ പിതാവ് കാണുന്നത് രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്നതിന് ശേഷമാണ്. അതുകൊണ്ടുതന്നെ അന്നുമുതല്‍ നിര്‍ഭാഗ്യവാനായ കുട്ടിയായാണ് കുഞ്ഞു സാക്കിറിനെ ആളുകള്‍ കരുതിയത്.
ബേബി ഖുറേഷി എന്നാണ് ആളുകള്‍ സാക്കിറിനെ വിളിച്ചിരുന്നത്. ഖുറേഷി എന്നത് അല്ലാ രഖായുടെ കുടുംബപേരായിരുന്നു. ഒരു സൂഫി വര്യന്‍ പറഞ്ഞതില്‍ പ്രകാരമാണ് ബേബി ഖുറേഷി എന്ന പേര് സാക്കിര്‍ ഹുസൈന്‍ എന്നാക്കുന്നത്. ഈ കുട്ടി അല്ലാ രഖായുടെ രോഗം ഭേദമാക്കും അവന് ഫക്കീര്‍ ഹസ്രത്ത് ഇമാം ഹൂസൈന്റെ നാമമായ സാക്കിര്‍ ഹുസൈന്‍ എന്ന പേരിടാന്‍ സൂഫി വര്യന്‍ അനുശാസിക്കുകയായിരുന്നു. അങ്ങനെ ബേബി ഖുറേഷി സാക്കിര്‍ ഹുസൈനായി മാറി. അല്ലാ രഖായുടെ രോഗം ക്രമേണ കുറഞ്ഞു വന്നതോടെ രോഗം മാറ്റിയ ഭാഗ്യവാനായ കുട്ടിയായി സാക്കിര്‍ ഹുസൈന്‍ മാറുകയായിരുന്നു.
ആ ഭാഗ്യവാനായ കുട്ടിയാണ് പിന്നീട് വിരലുകളാല്‍ താളമിട്ട് സംഗീതത്തില്‍ മാന്ത്രികത സൃഷ്ടിച്ചത്. ഒരു വര്‍ഷത്തില്‍ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സാക്കിര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു. പിതാവ് അല്ലാ രഖായെപ്പോലെ തബല എന്ന വാദ്യോപകരണത്തെ പക്കവാദ്യം എന്നതില്‍ നിന്ന് ഒരു പ്രധാന വാദ്യോപകരണമാക്കുന്നതിന് പങ്കുവഹിച്ച വ്യക്തിയാണ് സാക്കിര്‍ ഹുസൈന്‍. അല്ലാ രഖാ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന സാക്കിര്‍ ഹുസൈനും തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന സാക്കിര്‍ ഹുസൈന്‍ 73–ാം വയസ്സിലാണ് ലോകത്തോട് വിട പറയുന്നത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.