TOPICS COVERED

ബോളിവുഡ് താരം വിവേക് ഒബ്രോയ് റോൾസ് റോയ്സ് സൂപ്പർ ലക്ഷ്വറി എസ്‌.യു.വി.യായ 'റോള്‍സ് റോയ്‌സ് കള്ളിനന്‍' സ്വന്തമാക്കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 12 കോടി രൂപ വിലമതിക്കുന്ന അത്യാഡംബര കാറാണ് താരം സ്വന്തമാക്കിയത്. ഇന്ത്യയില്‍ റോള്‍സ് റോയ്​സ് വാങ്ങുന്ന ആദ്യസിനിമ താരമല്ല വിവേക്. എന്നാല്‍ രാജ്യത്ത് റോള്‍സ് റോയ്​സ് വാങ്ങിയിട്ടുള്ളത് വമ്പന്‍ താരങ്ങളാണ്. 

വിവേകിന്‍റെ കരിയര്‍ ഗ്രാഫുമായി തട്ടിക്കുമ്പോള്‍ ഇപ്പോള്‍ വാങ്ങിയ റോള്‍സ് റോയ്​സ് പലര്‍ക്കും അവിശ്വസനീയമാവും. എന്നാല്‍ കണ്ണുതള്ളാന്‍ വരട്ടെ, സിനിമയില്‍ അടിപതറിയെങ്കിലും മറുവശത്ത് തന്‍റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു വിവേക് ഒബ്രോയ്. ഇന്ന് 1200 കോടിയുടെ ആസ്ഥിയാണ് വിവേക് ഒബ്രോയ്​ക്ക് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദശാബ്​ദങ്ങള്‍ കൊണ്ട് വിവേക് ഉണ്ടാക്കിയ വളര്‍ച്ച മറ്റ് ഇന്ത്യന്‍ സംരഭകരെ അസൂയപ്പെടുത്താന്‍ പോന്നതാണ്. 

കരിയറിന്‍റെ തുടക്കകാലത്ത് സാത്തിയ, മസ്​തി, ഓംകാര മുതലായ ഹിറ്റുകള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ച വിവേക് ഇനി ബോളിവുഡ് ഭരിക്കും എന്ന തോന്നല്‍ പോലും സൃഷ്​ടിച്ചിരുന്നു. പിന്നാലെ ഐശ്വര്യ റായിക്കൊപ്പമുള്ള പ്രണയവും തുടര്‍ന്ന് സല്‍മാന്‍ ഖാനുമായി ഉണ്ടായ അസ്വാരസ്യങ്ങളുമൊക്കെ താരത്തിന്‍റെ കരിയര്‍ വളര്‍ച്ച മങ്ങുന്നതിനു കാരണമായി. പിന്നാലെ അഭിനയിച്ച ചിത്രങ്ങളൊക്കെ ബോക്​സ് ഓഫീസില്‍ പരാജയപ്പെടുന്നതും കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കാതെയും വിവേക് ഉഴറുന്നതും ഇന്ത്യന്‍ സിനിമ ലോകം കണ്ടു. വിവേക് ഒബ്രോയിക്ക് ബോളിവുഡില്‍ നിന്നും വിലക്ക് നേരിട്ടെന്ന തരത്തില്‍ വരെ സംസാരങ്ങള്‍ ഉണ്ടായി. അടുത്ത കാലത്ത് തെലുങ്കിലും മലയാളത്തിലുമൊക്കെ വില്ലന്‍ വേഷങ്ങളിലും വിവേക് എത്തിയിരുന്നു. ഇനി ഒരിക്കലും പഴയ പ്രതാപത്തിലേക്ക് വിവേകിന് തിരികെയെത്താനാവില്ല എന്ന് ഇതിനോടകം തന്നെ വിധിയെഴുത്തുകള്‍ വന്നിരുന്നു. 

ഇങ്ങനെ വിവേകിന്‍റെ കരിയറില്‍ സഹതപിച്ചവരേയും സന്തോഷിച്ചവരേയും പരിഹസിച്ചവരേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ബിസിനസില്‍ താരത്തിന്‍റെ വളര്‍ച്ച പുറംലോകത്തേക്ക് എത്തിയത്. ബിസിനസിലെ വളര്‍ച്ച ഇന്ന് വിവേകിനെ എത്തിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍മാരുടെ പട്ടികയിലേക്കാണ്. സിനിമാ താരങ്ങളിലെ കോടീശ്വരന്മാരായ രണ്‍ബീര്‍ കപൂറും അല്ലു അര്‍ജുനും പ്രഭാസും രജിനികാന്തുമെല്ലാം ഇന്ന് ആസ്ഥിയുടെ കാര്യത്തില്‍ വിവേകിന് പിന്നിലാണ്. 

എങ്ങനെയാണ് ഇങ്ങനെയൊരു വളര്‍ച്ച വിവേക് നേടിയത്. റിയല്‍ എസ്​റ്റേറ്റ് കമ്പനിയായ കര്‍മ ഇന്‍ഫ്രാസ്​ട്രക്​ചര്‍, ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ മെഗാ എന്‍റര്‍ടെയിന്‍മെന്‍റ് എന്നിവയാണ് സ്വത്തിന്‍റെ പ്രധാന സ്രോതസുകള്‍. റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിൽ 2,300 കോടി രൂപയുടെ പദ്ധതിയായ അക്വാ ആർക്കിന്‍റെ സ്ഥാപകനും സവർണിം സർവകലാശാലയുടെ സഹസ്ഥാപകനുമാണ് വിവേക്. കൂടാതെ നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകൻ കൂടിയാണ്. ഇതിനൊപ്പമാണ് അഭിനയവും വിവേക് തുടര്‍ന്നുകൊണ്ടിരുന്നത്. 

പിടിഐക്ക് നല്‍കിയ പ്രതികരണത്തില്‍ വിവേക് പറഞ്ഞത് ഇങ്ങനെ. 'അഭിനയം എന്‍റെ പാഷനായിരുന്നു. ബിസിനസാണ് അതിനു സഹായിച്ചത്. എന്‍റെ പാഷനെ പിന്തുടരാനായി ബിസിനസിലെ വളര്‍ച്ച സഹായിച്ചു. ഞാന്‍ ആസ്വദിക്കുന്ന ഒന്ന് ചെയ്യാനായി എനിക്കുമേല്‍ ഒരു സമ്മര്‍ദവുമില്ല. ഞാന്‍ ഒരു ലോബിക്കും കീഴിലല്ല. ബിസിനസ് എനിക്ക് ആ സ്വാതന്ത്ര്യം നല്‍കി. അതുകൊണ്ടാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ആളുകളോട് ഞാന്‍ പറയുന്നത്. സ്വന്തമായി ഒരു നിലയിലെത്തിയാല്‍ സ്വന്തം സ്വപ്നങ്ങളും മക്കളുടെ സ്വപ്​നങ്ങളും നേടാനാവും. പണം നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കും, അതിനു സമാധാനവും സുരക്ഷിതത്വബോധവും നല്‍കാനാവും'.

ENGLISH SUMMARY:

Vivek Oberoi's Rise to Millionaire Despite Career Crash