File Image
വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് സൂപ്പര്‍താരം തമന്ന. നടന്‍ വിജയ് വര്‍മയുമായുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും കരിയറും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും താരം വ്യക്തമാക്കിയത്. അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള ആളാണ് താനെന്നും കല്യാണം കരിയറിനെ ബാധിക്കില്ലെന്നും താരം പറഞ്ഞു.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമുള്ള നിലപാട് തുറന്ന് പറഞ്ഞത്. 'ഇപ്പോഴത്തെ ജീവിതത്തില്‍ വളരെയധികം സന്തുഷ്ടയാണ്. കല്യാണം നടക്കാന്‍ പോവുകയാണ്. അത് നല്ലകാര്യമാണല്ലോ. എന്നെ സംബന്ധിച്ചിടത്തോളം കരിയറും കല്യാണവുമായി ഒരുബന്ധവും ഇല്ല. തൊഴില്‍പരമായി ഒരുപാട് ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍. വിവാഹശേഷവും അഭിനയം തുടരാനാണ് എന്‍റെ തീരുമാനം'- തമന്ന പറഞ്ഞു. Also Read: നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്
രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് തമന്നയും വിജയ് വര്‍മയും വിവാഹിതരാവാന്‍ പോകുന്നത്. അടുത്തവര്‍ഷം ആദ്യം വിവാഹിതരാകുമെന്നും മുംബൈയില്‍ ഇരുവരും അപ്പാര്‍ട്ട്മെന്‍റുകള്‍ തിരയാന്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കവേയാണ് ഇരുവരും പ്രണയത്തിലായത്. Read More: വിവാഹം 2025ല്‍ ?; ആഢംബര വസതിയൊരുങ്ങുന്നു
വിജയുമായി വിവാഹശേഷം ഒന്നിച്ചഭിനയിക്കുമോ എന്ന ചോദ്യത്തിന് 'എന്തുകൊണ്ട് പാടില്ല? നല്ല പ്രൊജക്ട് കിട്ടിയാല്‍ സന്തോഷത്തോടെ ഞാനും വിജയും ഒന്നിച്ച് അതില്‍ പങ്കാളികളാകും' എന്നായിരുന്നു തമന്നയുടെ മറപടി. സ്ത്രീ–3ല്‍ അഭിനയിക്കാനുള്ള താല്‍പര്യവും താരം മറച്ചുവച്ചില്ല. സംവിധായകന്‍ ഏത് കഥാപാത്രം തന്നാലും അത് ചെയ്യാന്‍ താന്‍ ഒരുക്കമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.