മലയാളം കണ്ട ഏറ്റവും വലിയ താരമാമാങ്കം പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക്. മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്സ് 2024 മഴവില്‍ മനോരമയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും. താരസംഘടനയായ 'അമ്മ'യുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് താരനിശ സംഘടിപ്പിച്ചത്.
ചലച്ചിത്രലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം താരസമ്പന്നമായിരുന്നു പുരസ്കാരച്ചടങ്ങ്. ഹൃദയം തൊട്ട മുഹൂര്‍ത്തങ്ങളും ആവേശക്കാഴ്ചകളും നിറഞ്ഞ നിശയില്‍ 25 ചലച്ചിത്രപുരസ്കാരങ്ങള്‍ വിതരണം ചെയ്തു. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളിയെ രസിപ്പിച്ച ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ചടങ്ങിന്റെ സവിശേഷതകളിലൊന്നായി. അള്‍ട്ടിമേറ്റ് എന്റര്‍ടൈനര്‍ അവാര്‍ഡ് ജഗതിക്ക് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് സമ്മാനിച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതലമുറയിലെ പ്രതിഭകളെല്ലാം താരനിശയില്‍ പങ്കെടുത്തു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് താരങ്ങള്‍ കലാവിരുന്നുമായി വേദിയില്‍ നിറഞ്ഞത്. പുരസ്കാരസമര്‍പ്പണത്തിനിടെ പാട്ടും വര്‍ത്തമാനവുമായി മമ്മൂട്ടിയും സദസ് കയ്യിലെടുത്തു. ഷീലയും ഉര്‍വശിയുമൊക്കെ പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍ സമ്മാനിച്ചു. പാട്ടുകള്‍ക്കും നൃത്തങ്ങളും കൂടാതെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത സ്കിറ്റുകളും താരരാവ് ആഘോഷമാക്കി. രംഗണ്ണനായി ഫഹദ് ഫാസിലെത്തിയപ്പോള്‍ സദസ് ഇളകിമറിഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ആണ് മുഖ്യ പ്രായോജകര്‍. പ്രസന്റിങ് സ്പോണ്‍സര്‍ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ്. പവേര്‍ഡ് ബൈ ഇംപെക്സ്. സെലിബ്രേറ്റഡ് ബൈ മൈ ജി ഫ്യൂച്ചര്‍. ആഘോഷക്കാഴ്ചകള്‍ ഇന്നും നാളെയും വൈകിട്ട് ഏഴിന് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും.