'അമ്മ'യുടെ പ്രവർത്തനങ്ങൾ ശരിയായില്ലെന്ന് പറയുന്നവർ സംഘടനയുടെ നേതൃ സ്ഥാനങ്ങളിലേക്ക് വരണമെന്ന് നടൻ മോഹൻലാലൽ. അവർ മുന്നോട്ട് വന്നാൽ ജനറൽ ബോഡി വിളിക്കാമെന്നും തിരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് എത്താൻ താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരുപാട് പേർ പറയുന്നു ചെയ്തത് ശരിയായില്ലെന്ന്. അവർ മുന്നോട്ട് വരട്ടെ. ജനറൽ ബോഡി വിളിക്കാം. തിരഞ്ഞെടുപ്പ് നടത്താം. ആർക്കും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. ഇനി മത്സരിക്കാതെയും തീരുമാനങ്ങളെടുക്കാം. അവർ നമ്മളെക്കാളും മുന്നോട്ട് നയിക്കട്ടെ' എന്നിങ്ങനെയായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
'അമ്മ' ഭരണ സമിതി പിരിച്ചുവിട്ടത് തോൽവിയോ ഒളിച്ചോട്ടമോ അല്ലെന്നും മോഹൻലാൽ. രണ്ട് തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചു. പ്രവർത്തനത്തിൻറെ ഭാഗമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞാണ് നിന്നത്. നിലവിലെ സംഭവങ്ങൾക്ക് ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തത്തിലാണ്. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു. ഒരു കാര്യം വന്നപ്പോൾ എല്ലാവർക്കും സംസാരിക്കാൻ വേണ്ടിയാണ് പിന്മാറ്റമെന്നും മോഹൻലാലൽ വ്യക്തമാക്കി.
വിഷയത്തിൽ പ്രതികരിക്കാൻ വൈകിയത് എൻറെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു.