ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇരകളുടെ വെളിപ്പെടുത്തലും ചര്‍ച്ചയാവുന്ന പശ്ചാത്തത്തില്‍ പ്രതികരണുമായി നടി ഷക്കീല. മലയാളം ഇന്‍ഡസ്ട്രിയെ മാത്രം കുറ്റപ്പെടുത്തേണ്ടന്നും തമിഴിലും തെലുങ്കിലും ഇത്തരം പ്രവണതകള്‍ ഉണ്ടെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല പറഞ്ഞു. 'മലയാള സിനിമയെ മാത്രം കുറ്റപ്പെടുത്തേണ്ട. അതിലും കൂടുതല്‍ തമിഴിലുണ്ട്. തമിഴിലും കൂടുതല്‍ തെലുങ്കിലുമുണ്ട്. എല്ലായിടത്തും നടക്കുന്നുണ്ട്. ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ല, ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്,' ഷക്കീല പറഞ്ഞു. അഡ്ജസ്റ്റ്മെന്റിന് തയാറാവണമെന്ന് എഗ്രിമെന്‍റില്‍ തന്നെയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടി രൂപശ്രീക്ക് ഉണ്ടായ ദുരനുഭവം താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. 'രൂപശ്രീ നായികയായ ചിത്രത്തില്‍ ഞാനും അഭിനയിക്കുന്നുണ്ടായിരുന്നു. എന്‍റെ മുറിക്ക് അടുത്തായിരുന്നു അവരുടെ മുറിയും. കുറച്ചു പേര്‍ മദ്യപിച്ച് വന്ന് അവരുടെ കതകില്‍ മുട്ടി. ഞാന്‍ കതക് തുറന്നുനോക്കിയപ്പോള്‍ നാലഞ്ച് പേര്‍ മദ്യപിച്ച് നില്‍ക്കുകയാണ്. വാതില്‍ തുറക്കെടി എന്നാണ് അവര്‍ പറയുന്നത്. ആ സമയത്ത് എനിക്കൊപ്പം സഹോദരനും കുറച്ചു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞങ്ങള്‍ അവരോട് പോവാന്‍ പറഞ്ഞു. അത് തര്‍ക്കമായി. അവരില്‍ ഒരാള്‍ എന്നെ തല്ലി, ഞാന്‍ തിരിച്ചും തല്ലി, അന്ന് അവിടെ ഒരു അമേരിക്കന്‍ അച്ചായന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് വെളുപ്പിനെ നാലുമണിക്ക് തന്നെ രൂപശ്രീയെ ചെന്നൈയിലേക്ക് അയച്ചു. ഇങ്ങനെ ഒരുപാട് സംഭവങ്ങളും നടന്നിട്ടുണ്ട്,' ഷക്കീല പറഞ്ഞു.