ഡബ്ല്യൂ.സി.സി (വിമൻ ഇൻ സിനിമാ കളക്ടീവ്) അംഗങ്ങളാണ് തന്‍റെ ഹീറോസെന്ന് പ്രമുഖ തെന്നിന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപാദ. കേരളത്തിലെ സ്ത്രീകളോട് എനിക്ക് അതിരുകവിഞ്ഞ അസൂയ തോന്നുന്നുവെന്നും സ്ത്രീകൾ ഇങ്ങനെ ഒത്തുചേരുന്നതിനെ അഭിനന്ദിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടങ്ങളില്‍ ലഭിക്കുന്ന പിന്തുണ കാണുമ്പോള്‍ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. തമിഴ്, തെലുങ്ക്, മറ്റ് വ്യവസായ മേഖലകളിലെ സ്ത്രീകൾക്ക് സമാനമായ പിന്തുണ ലഭിക്കാത്തതിലുള്ള നിരാശയും ചിന്മയി ഉയർത്തിക്കാട്ടി. കേരളത്തിലെ സിനിമാ വ്യവസായത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.
ചിന്മയിയുടെ വാക്കുകള്‍
സൂപ്പർ സ്റ്റാർ മോഹൻലാൽ ഉൾപ്പെടെ മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (അമ്മ)യുടെ മുഴുവൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചതിന് ശേഷം കേരളത്തിലെ സ്ത്രീകളോട് എനിക്ക് അതിരുകവിഞ്ഞ അസൂയ തോന്നുന്നു, അവരെപ്പോലെ ഒരു പിന്തുണാ സംവിധാനവും എനിക്കില്ല. സ്ത്രീകളോടുള്ള ചൂഷണം ചോദ്യം ചെയ്തതിന്‍റെ പേരില്‍ എനിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഒറ്റപ്പെടുകയും ചെയ്യേണ്ടിവന്നു. 2017-ൽ മലയാള നടിക്ക് നേരെയുണ്ടായ ക്രൂരമായ ലൈംഗികാതിക്രമം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. സിനിമ പോലെ മറ്റെല്ലാ വ്യവസായങ്ങളിലും സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. തമിഴിലെ ചില വ്യവസായ പ്രമുഖർ പരസ്യമായി സ്ത്രീകളെ അധിക്ഷേപിക്കുന്നു, എന്നിട്ടും അവർ അധികാര സ്ഥാനങ്ങളിൽ തുടരുന്നുണ്ട്. ഉദാഹരണത്തിന്, ഡബ്ബിംഗ് യൂണിയനിലെ ഒരു പ്രമുഖ യൂണിയൻ നേതാവ് അയാളുടെ വീട്ടിലേക്ക് സ്ത്രീകളെ വിളിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിതിരുന്നു. എന്നാല്‍ അതില്‍ ഇപ്പോഴും നടപടികളൊന്നും ഉണ്ടായിട്ടില്ല. പീഡകർക്ക് വേണ്ടി സംസാരിക്കുന്ന അതിശക്തമായ ഗ്രൂപ്പുകളുണ്ട്.
ഡബ്ല്യൂ.സി.സി (വിമൻ ഇൻ സിനിമാ കളക്ടീവ്) അംഗങ്ങളാണ് എന്‍റെ ഹീറോസ്. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിന് ലഭിക്കുന്ന പിന്തുണകള്‍ കാണുമ്പോള്‍ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കിതുവരെ ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടില്ല. ഞങ്ങൾ ഒരു സംഭവം പുറത്തു പറഞ്ഞാലും അതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്താലും പെട്ടെന്ന് ഒന്നും സംഭവിക്കില്ല. ആ കേസ് വർഷങ്ങളും പതിറ്റാണ്ടുകളും കിടന്നിഴയും. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുകയാണ്. ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിനായി ഇപ്പോഴും പോരാടുന്നു. ആരെയെങ്കിലും പീഡിപ്പിക്കാനുള്ള ഒരു അവസരം പോലും പാഴാക്കില്ലെന്നാണ് ഒരു മുതിർന്ന സിനിമാപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞത്. എന്നാൽ ഈ സംഭവങ്ങൾക്കപ്പുറമുള്ള പറയാത്ത കഥ ലൈംഗികാതിക്രമങ്ങളുടെ ആഘാതമാണ്. ഇത് അക്ഷരാർത്ഥത്തിൽ ആക്രമണത്തിന് ശേഷം ഒരു മനുഷ്യൻ ജീവനുള്ള മൃതദേഹം ഉപേക്ഷിക്കുന്നതുപോലെയാണ്. ഏത് ദിശയിൽ നിന്നാണ്, ആരിൽ നിന്നാണ് അടുത്ത ആക്രമണം വരുമെന്ന് ചിന്തിച്ച് ഭയമാണ് പലര്‍ക്കും. ഒരു ആജീവനാന്ത ശാപമാണിത്. നമ്മുടെ വ്യവസ്ഥിതിയിൽ മാതാപിതാക്കൾ പോലും ഇരകളോട് മിണ്ടാതിരിക്കാനും സംസാരിക്കാതിരിക്കാനുമാണ് പറയുന്നത്
ഇൻഡസ്ട്രിയിലെ ഏറ്റവും ദുർബലരായവർ മധ്യനിരയ്‌ക്കെതിരെ മുന്നോട്ട് വരുന്നത് എല്ലായ്‌പ്പോഴും മാതൃകയാണ്. സെറ്റിൽ നിന്ന് ഏത് സ്ത്രീയെയും തിരഞ്ഞെടുക്കാൻ കഴിയുന്ന സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക?. വേദനാജനകമായ ഇത്തരം സാഹചര്യങ്ങളിലൂടെ താഴെക്കിടയിലുള്ളവരോ മധ്യവര്‍ഗക്കാരോ നിരന്തരം കടന്നുപോകുന്നു. സൂപ്പർസ്റ്റാറുകളുടെ പങ്ക് ചൂണ്ടിക്കാട്ടാൻ ആരും തയാറായിട്ടില്ല. അവരും ഈ വിഷയത്തിൽ തെറ്റുകാരാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അവർ സംരക്ഷിക്കപ്പെടുന്നു. ഒരു സൂപ്പർസ്റ്റാറിനെതിരെ തമിഴിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നത് പിൻവലിക്കുകയിരുന്നു. സിസ്റ്റത്തെ കൂടുതൽ ശാക്തീകരിക്കാൻ ഡബ്ല്യുസിസിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെ സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരുടെ പേര് പറയുമ്പോൾ, മലയാളത്തിലെ നടിമാരും മറ്റ് ഭാഷകളിൽ, പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് നാം ഓർക്കണം. ഡബ്ല്യുസിസി മറ്റ് സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഒരു കൂട്ടം സ്ത്രീകൾ എത്രമാത്രം ജോലി ചെയ്യും?'