Image Credit: Facebook
താരസംഘടനയായ 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ഭരണസമിതി പിരിച്ചുവിട്ടതിനെ ഒരു തകര്‍ച്ചയായല്ല മറിച്ച് ശുഭസൂചനയായാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു വിനയന്‍റെ പ്രതികരണം. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സംഘടനയാണ് അമ്മ. ആ സംഘടന നല്ല രീതിയില്‍ വരട്ടെയെന്നും വിനയന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന് വ്യക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് രാജി വയ്ക്കാമായിരുന്നെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.
വിനയന്‍റെ വാക്കുകള്‍ ഇങ്ങനെ:
'ഭരണസമിതി പിരിച്ചുവിട്ടതിനെ ഒരു തകര്‍ച്ചയായല്ല മറിച്ച് ശുഭസൂചനയായാണ് കാണുന്നത്. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സംഘടനയാണ് അമ്മ. ആ സംഘടന വരട്ടെയെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്‍റ് ആയതിന് ശേഷം ഇപ്പോഴുണ്ടായ പ്രശ്നങ്ങളില്‍ വളരെ കൃത്യമായി അതിനെക്കുറിച്ച് പ്രതികരിക്കാനോ കൃത്യസമയത്ത് മറുപടി പറയാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ അംഗങ്ങളുടെ പേരില്‍ ആരോപണങ്ങള്‍ വന്നു. അതുകൊണ്ട് അദ്ദേഹം പുതിയ ഒരു ഗ്രൂപ്പ് ഇത് ഭരിക്കട്ടെ എന്നുകരുതി ജനാധിപത്യ ചിന്തയോടുകൂടി ഒഴിഞ്ഞതാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. പക്ഷേ വ്യക്തമായി അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് അദ്ദേഹത്തിന് പോകാമായിരുന്നു'.
'എല്ലാത്തിനെയും വളരെ പോസിറ്റീവ് ആയാണ് കാണുന്നത്. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് ഒരു പ്രസ് മീറ്റ് നടത്തി. അതുപോലെ ജഗദീഷ് , ഉര്‍വശി, പാര്‍വതി ഇതുപോലുളളവര്‍ ഒക്കെയുണ്ടല്ലോ. പുതിയ ഒരു നേതൃത്വം വരട്ടെ. വര്‍ഷങ്ങളായുളള ഗ്രൂപ്പിന് ഒരു മാറ്റം വരട്ടെ. ഈ സംഘടനയില്‍ ആരും അനിവാര്യരല്ലയെന്നുളളതാണ് സത്യം. സിനിമയെന്നത് സമൂഹത്തോടുകൂടെ പ്രതിബദ്ധതയുളള ഒരു വ്യവസായമേഖലയാണ്. പുതിയ തലമുറ വരണം. സ്ഥിരമായി ഒരു ഗ്രൂപ്പ് അതിന്‍റെ അതികാരത്തില്‍ ഇരിക്കുന്നത് ഒരു സംഘടനയ്ക്കും നല്ലതല്ലെന്നാണ് എന്‍റെ അഭിപ്രായം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പോലുളളവര്‍ അധികാരത്തില്‍ വരട്ടെ. അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ലാല്‍, മമ്മൂട്ടി എന്നിവരെപ്പോലുളളവരും വരട്ടെ' എന്നായിരുന്നു സംവിധായകന്‍ വിനയന്‍റെ പ്രതികരണം.