താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭരണസമിതി പിരിച്ചുവിട്ടതിലും പ്രതികരിച്ച് സംവിധായികന്‍ ജിയോ ബേബി. ഇപ്പോഴത്തെ അവസ്ഥയില്‍ അനിവാര്യമായ ഒന്നുതന്നെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. മാത്രമല്ല അമ്മയുടെ ഈ തിരിച്ചറിവിനെ ഒരു ശുഭ സൂചനയായി കണ്ടാല്‍ മതിയെന്നായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
ജിയോ ബേബിയുടെ വാക്കുകള്‍ ഇങ്ങനെ:
'ഇപ്പോഴത്തെ അവസ്ഥയില്‍ അനിവാര്യമായ ഒന്നുതന്നെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. ഇത്രയെങ്കിലും ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങളുണ്ടാകില്ല ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍. മാത്രമല്ല പുറത്തുവിട്ട കത്തിലും തിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി പറയുന്നുണ്ടല്ലോ. ഈ തിരിച്ചറിവിനെ ഒരു ശുഭ സൂചനയായി കണ്ടാല്‍ മതി'.
'ഈ തിരിച്ചറിവ് കുറച്ചുകൂടി നേരത്തേ ഉണ്ടാകേണ്ടതായിരുന്നു എന്ന് നമുക്ക് തോന്നും. എന്നാലിപ്പോഴാണ് അതുണ്ടായത്. ഇനി നല്ലൊരു സംഘടന ഉണ്ടായിവരും. അല്ലെങ്കില്‍ നല്ലൊരു കൂട്ടായ്മ ഉണ്ടായിവരും. തൊഴിലാളികള്‍ക്കും തൊഴിലിനും പ്രാധാന്യം നല്‍കുന്ന തരത്തില്‍ ഒരു സംഘടന ഉണ്ടാകുമായിരിക്കും' എന്നായിരുന്നു സംവിധായകന്‍ ജിയോ ബേബിയുടെ പ്രതികരണം.
അതേസമയം, താരസംഘടനയായ അമ്മ പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായിക വിധു വിന്‍സന്‍റ് അടക്കമുളളവരും രംഗത്തെത്തി. 'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ' എന്നായിരുന്നു വിധുവിന്റെ പ്രതികരണം. സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്. ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വിധു ഫെയ്സ്ബുക്കില്‍ കുറിച്ചത്.