ദേവരാജൻ മാസറ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന 'ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ'ത്തിന് മുന്നോടിയായി തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച 'ഹോർത്തൂസ് വായന' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത സംവിധായകൻ ജി.ദേവരാജനെക്കുറിച്ച് ജയചന്ദ്രൻ എഴുതിയ 'വരിക ഗന്ധർവഗായകാ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.
ഒഎന്‍വിയുടെ മാന്ത്രിക തൂലികയില്‍ വിരിഞ്ഞ വരികള്‍ ...പ്രണയവും വിരഹവും നഷ്ടബോധവുമെല്ലാം സന്നിവേശിപ്പിച്ച ജി ദേവരാജന്റെ സംഗീതം. ഗുരുവിന്റെ ഓര്‍മയില്‍ എം ജയചന്ദ്രന്‍ തുടങ്ങി വച്ചു. മുത്തശനെ സ്മരിച്ച് ഒഎന്‍വിയുടെ കൊച്ചുമകള്‍ അപര്‍ണ ഏറ്റുപാടിയപ്പോള്‍ ഒാള്‍ സെയിന്റ്സ് കോളജിന്റെ അകത്തളങ്ങളില്‍ പ്രണയത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ നിറഞ്ഞു. ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് താനെഴുതിയ പുസ്തകം ഒരാത്മഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണെന്നായിരുന്നു എം ജയചന്ദ്രന്റെ വിശേഷണം.
എഴുത്തുകാരി എം.പി.പവിത്ര, അപര്‍ണ രാജീവ് എന്നിവർ ദേവരാജൻ മാസ്റ്ററും എം.ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുസ്തകത്തെ ആധാരമാക്കി സംസാരിച്ചു. കുട്ടികളുമായും അതിഥികള്‍ സംവദിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഓൾ സെയിന്റ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി ഇൻ ചാർജ് ഡോ. കുക്കു സേവ്യർ തുടങ്ങിയവരും 'ഹോർത്തൂസ് വായന' പരിപാടിയിൽ പങ്കെടുത്തു.