vazha-movie

TOPICS COVERED

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാഴ സിനിമയ്ക്ക് രണ്ടാം ഭാ​ഗം വരുന്നു. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. ‌

വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാംഭാ​ഗത്തിന്റെ പേര്. വാഴ ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്ന പേരിലാണ് ആദ്യ ചിത്രം ഇറങ്ങിയത്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറേ ടീം നായകരാകുന്ന രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു.

ഇന്നലെ ഹാഷിർ തന്റെ ഇൻസ്റ്റ​ഗ്രാമിൽ വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസിന്റെ കൂടെയുള്ള ഫൊട്ടോ പങ്കുവച്ചിരുന്നു, അതിന് പിന്നാലെയാണ്  വിപിൻദാസ് ചി‌ത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിടുന്നത്. ഹാഷിറും കൂട്ടുകാരായ അലൻ ബിൻ സിറാജ്, വിനായക്, അജിൻ തുടങ്ങിയവരുമുള്ള പോസ്റ്ററാണ് വിപിൻദാസ്  പങ്കു വെച്ചത്. തൊട്ടുപിന്നാലെ എല്ലാം നല്ലതിന് എന്ന കുറിപ്പോടെ ഹാഷിറും പോസ്റ്റർ ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി ഷെയർ ചെയ്തു.

വിപിൻദാസ്  കുറിച്ചതിങ്ങനെ. വാഴയ്ക്ക് നിറഞ്ഞ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രതികരണം പുതിയ പ്രതിഭകളുമായി വീണ്ടും മുന്നോട്ട് പോകാൻ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. വാഴ II - ബയോപിക് ഓഫ് എ ബില്യൺ ബ്രോസിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! നവാ​ഗതനായ സവിൻ എസ്.എ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്യാമറ അഖിൽ ലൈലാസുരൻ. ​സം​ഗീത സംവിധായകനെ കണ്ടെത്തിയിട്ടില്ല ഇപ്പോഴും തിരയുന്നു എന്നാണ് പോസ്റ്ററിലുള്ളത്.

വിപിൻദാസ് നിർമ്മാണത്തിലും പങ്കാളിയാവുന്ന ചിത്രം ഇമാജിൻ സിനിമാസ്, സി​ഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ പിന്തുണയോടെയാണ് പുറത്തിറങ്ങുക. ഹാഷിറിനേയും കൂട്ടുകാരേയും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

അതേ സമയം ഓ​ഗസ്റ്റ്15 ന് തിയ്യറ്ററുകളിലെത്തിയ വാഴ സിനിമ ഇപ്പോഴും മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ്, അമിത് മോഹൻ രാജേശ്വരി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. ഇവരെക്കൂടാതെ ജ​ഗദീഷ്, കോട്ടയം നസീർ, നോബി, ബേസിൽ ജോസഫ് എന്നിവരും സിനിമയിലുണ്ട് 

ENGLISH SUMMARY:

Vaazha 2 movie announced hashiree and team in lead role