പണം നല്‍കാത്തതിന്‍റെ പേരില്‍ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞെന്ന ആരോപണത്തിന് മറുപടിയുമായി Cinephile ചാനല്‍ ഉടമ ബിജിത്ത് വിജയന്‍. മലയാളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും തീരെ മോശം സിനിമകളാണെന്ന് തോന്നുന്ന സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ ഇടാറില്ലെന്നും ഗ്രൂപ്പ് അംഗങ്ങളിടുന്ന പോസ്റ്റുകള്‍ അപ്രൂവ് ചെയ്യുക മാത്രമാണ് ചെയ്യാറെന്നുമാണ് ബിജിത്ത് പറയുന്നത്.
മലയാളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും സിനിമ കണ്ട് ഇഷ്ടപെടാത്തവർ ഏതെങ്കിലും സിനിമകളിൽ നെഗറ്റീവ് റിവ്യൂ ഇടുമ്പോൾ, അതിന് സിനിമയിൽ പ്രവർത്തിക്കുന്ന ചിലർ വിളിച്ച് പ്രശ്നമുണ്ടാക്കുകയും തന്റെ പേരിൽ കേസ് കൊടുക്കാൻ നിക്കുകയുമൊക്കെ ചെയ്യുന്നത് എന്തൊരു കഷ്ടമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നല്ല സിനിമകൾ മരിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന് റിവ്യൂ പറയാനായി ബിജിത്ത് വിജയന്‍ പണം ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുമെന്ന് ഭീഷണിപ്പെടുത്തിയതായി സംവിധായകനും നിര്‍മാതാവുമായ വിപിന്‍ ദാസ് പരാതിപ്പെട്ടിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.