തന്‍റെ ആരോഗ്യാവസ്ഥയെ പറ്റി വിശദീകരണം നല്‍കി ഷൂട്ടിനിടെ പരുക്ക് പറ്റിയ നടന്‍ സംഗീത് പ്രതാപ്. ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് വാഹനാപകടത്തിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റിയത്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ സംഗീത് പറഞ്ഞു.
'കഴിഞ്ഞ 24 മണിക്കൂര്‍ ഞാന്‍ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. ദൈവത്തിന് നന്ദി. എനിക്ക് ചെറിയ പരുക്കുണ്ട്, എന്നാലിപ്പോള്‍ ഭേദമായി വരുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി. ക്ഷമിക്കണം, നിങ്ങളുടെ കോളുകള്‍ക്കോ മെസേജുകള്‍ക്കോ മറുപടി നല്‍കാനായില്ല. ഞാനിപ്പോള്‍ സുരക്ഷിതനാണ്. പൂര്‍ണമായും സുഖപ്പെടുവാന്‍ കുറച്ചുദിവസം കൂടി വിശ്രമിക്കണം,' സംഗിത് കുറിച്ചു.
അപകടവുമായി ബന്ധപ്പെട്ട് താന്‍ കേസ് കൊടുത്തു എന്ന പ്രചരണം തെറ്റാണെന്നും സംഗീത് വ്യക്തമാക്കി. തന്‍റെ ഭാഗത്തുനിന്നും അങ്ങനെ ഒരു കേസും കൊടുത്തിട്ടില്ല. ഏറ്റവും പ്രിയപ്പെട്ട ഇടമായ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാന്‍സിന്‍റെ പ്രൊഡക്ഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുനരാരംഭിക്കും. ബിഗ് സ്ക്രീനിലേക്ക് എത്രയും വേഗം എത്തുമെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.
കൊച്ചി എം.ജി റോഡിൽ വച്ച് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുക ആയിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.