keerthi-kalki

TOPICS COVERED

കല്‍ക്കി 2898 കണ്ടവരുടെയെല്ലാം മനസില്‍ ഭൈരവക്കൊപ്പം കയറിപറ്റിയ കഥാപാത്രമായിരുന്നു ബുജി എന്ന റോബോട്ടും. സദാ ഭൈരവയുടെ ഒപ്പമുള്ള ബുജി കേവലം യന്ത്രമായി മാത്രമല്ല, നായകനൊപ്പം കൗണ്ടറടിക്കുകയും തമാശ പറയുകയും ചെയ്യുന്ന ഒരു സുഹൃത്തായിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ബുജിക്ക് ശബ്ദം നല്‍കിയത്. തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഡബ്ബ് ചെയ്​ത് കീര്‍ത്തി കയ്യടി വാങ്ങുകയും ചെയ്​തിരുന്നു. 

ബുജിക്കായി ഡബ്ബ് ചെയ്യുന്ന കീര്‍ത്തിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കല്‍ക്കിയുടെ നിര്‍മാണ കമ്പനിയായ വൈജയന്തി മൂവീസ്. താരം തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഡബ്ബ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഒപ്പം ബുജിയുടെ ബിഹൈന്‍ഡ് ദി സീന്‍സും പുറത്തുവിട്ടിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ പ്രൊമോഷന്‍റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ബുജിയെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കീര്‍ത്തിക്ക് നന്ദി പറഞ്ഞ് പ്രഭാസും വീഡിയോ പങ്കുവച്ചിരുന്നു.

രസകരമായ കമന്‍റുകളും വീഡിയോയില്‍ നിറഞ്ഞു. ക്യൂട്ടെസ്റ്റ് എന്നാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്‍ കമന്‍റ് ചെയ്​തത്. ബുജിയുടെയും ഭൈരവയുടേയും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ വേണമെന്നായിരുന്നു മറ്റൊരാള്‍ കമന്‍റ് ചെയ്​തത്. ബുജിക്ക് ചേര്‍ന്ന് പെര്‍ഫേക്റ്റ് വോയിസാണ് കീര്‍ത്തിയുടേതെന്നാണ് മറ്റൊരു കമന്‍റ്. 

നാഗ് അശ്വിന്‍ സംവിധാനം ചെയ്​ത ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ 1000 കോടിയോട് അടുത്തു. പ്രഭാസിന് പുറമേ കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ എത്തിയത്. 

ENGLISH SUMMARY:

Kalki's production company Vyjayanthi Movies has released a video of Keerthy dubbing for Buji