താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാലിന് മൂന്നാം ഊഴം. മോഹൻലാലിനെതിരെ മൽസരിക്കാൻ മൂന്ന് പേർ പത്രിക നൽകിയെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപിൽ പിന്മാറുകയായിരുന്നു. ട്രഷറർ സ്ഥാനത്ത് ഉണ്ണിമുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കടക്കം മൽസരം ഉറപ്പായി.
2018ൽ അമ്മയെ നയിക്കാൻ നിയുക്തനായ മോഹൻലാലിനെ ഒരിക്കൽക്കൂടി ആ ദൗത്യം സംഘടന ഏൽപിക്കുകയാണ്. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക നൽകിയെങ്കിലും സംഘടനയ്ക്കുള്ളിൽ എതിർപ്പുണ്ടായതോടെ പിന്മാറി. എന്നാൽ മോഹൻലാലിനെതിരെ മൽസരിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ജയൻ ചേർത്തലയുടെ വിശദീകരണം.
ജോയന്റ് സെക്രട്ടറി, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ സംഘടനയിൽ സജീവമായിരുന്ന ഇടവേള ബാബു ഇക്കുറി ഭാരവാഹിത്വം ഒഴിയുകയാണ്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥികൾ. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരും മൽസരിക്കും.
പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്ക് പന്ത്രണ്ട് പേർ പത്രിക നൽകി. അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റൊണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹൻ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മൽസരിക്കുന്നത്. 30-നാണ് അമ്മ വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും.