തന്‍റെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. അപൂര്‍വമായ അസുഖം ബാധിച്ച് തന്റെ കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഗായിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണെന്നും തന്‍റെ മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു
വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ പെട്ടന്ന് കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നതും ഹെഡ്സെറ്റിന്‍റെ അമിത ഉപയോഗവും ശ്രദ്ധിക്കണമെന്നും അല്‍ക്ക ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്‍ണരൂപം;
‘പ്രിയപ്പെട്ടവരേ, ആഴ്ചകൾക്കു മുമ്പ് ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെയായി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതായതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണ് എന്‍റെ കേൾവിനഷ്ടത്തിന് കാരണം. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്.
ദയവായി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാർഥിക്കണം. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം. നിങ്ങളുടെ പിന്തുണയിലൂടെ പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ’, അൽക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അല്‍ക്കയ്ക്ക് പിന്തുണയുമായി സെലിബ്രിറ്റികളും ആരാധകരും രംഗത്തുണ്ട്. എ ആര്‍ റഹ്മാന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കമെന്‍റ് ബോക്സില്‍ പിന്തുണയുമായി എത്തി. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഗായകൻ സോനു നിഗവും കമന്റ് ബോക്സില്‍ കുറിച്ചു.