കേൾവിക്കുറവ് വാർദ്ധക്യവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമല്ലെന്നും, നവജാത ശിശുക്കളിൽ പോലും നേരത്തെ കണ്ടെത്തിയില്ലെങ്കിൽ കുട്ടിയുടെ ഭാഷാപരവും വൈജ്ഞാനികപരവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോക ബധിര ദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ കേൾവി പരിശോധനയുടെയും സമയോചിതമായ ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയാണ് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇ.എൻ.ടി. ഡോ. ജയ് റിച്ചോ ജോൺസൺ.
ലോകമെമ്പാടും ആയിരം കുട്ടികളിൽ രണ്ടോ മൂന്നോ പേർക്ക് ഏതെങ്കിലും തരത്തിലുള്ള ശ്രവണ വൈകല്യത്തോടെയാണ് ജനിക്കുന്നത്. ഈ വൈകല്യം തിരിച്ചറിയാൻ മാതാപിതാക്കൾക്ക് ഉടൻ കഴിഞ്ഞെന്ന് വരില്ല. കേൾവിക്കുറവുള്ള കുഞ്ഞുങ്ങൾ ശബ്ദങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുകയോ അല്ലെങ്കിൽ അസാധാരണമായി നിശബ്ദരായി കാണപ്പെടുകയോ ചെയ്യാം. ഈ പശ്ചാത്തലത്തിൽ, കുട്ടികൾക്ക് ജീവിതത്തിന്റെ ആദ്യ മാസത്തിനുള്ളിൽ തന്നെ സാർവത്രിക കേൾവി പരിശോധന (Universal Newborn Hearing Screening) നടത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. വേഗമേറിയതും വേദനയില്ലാത്തതുമായ ഈ പരിശോധനയിലൂടെ അപകടസാധ്യതയുള്ള കുട്ടികളെ തിരിച്ചറിയാനും ചികിത്സ നേരത്തെ ആരംഭിക്കാനും സാധിക്കും.
കോക്ലിയർ ഇംപ്ലാന്റുകൾ: സാങ്കേതിക വിദ്യയിലെ വിപ്ലവം
സമയബന്ധിതമായ കണ്ടെത്തലുകൾ, ചികിത്സാ രംഗത്ത് അടുത്തിടെയുണ്ടായ പുരോഗതികൾ പ്രയോജനപ്പെടുത്താൻ സഹായകമാകും. കോക്ലിയർ ഇംപ്ലാന്റുകൾ, സ്പീച്ച് തെറാപ്പി, ശ്രവണ സഹായികൾ എന്നിവയിലൂടെ കേൾവിക്കുറവുള്ള കുട്ടിയുടെ ഭാവിക്ക് വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും.
ശബ്ദം വെറും വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്ന പരമ്പരാഗത ശ്രവണ സഹായികളിൽ നിന്ന് വ്യത്യസ്തമായി, കോക്ലിയർ ഇംപ്ലാന്റുകൾ ശ്രവണ നാഡിയെ നേരിട്ട് ഉത്തേജിപ്പിക്കുന്നു. ഇത് കുട്ടികൾക്ക് ശബ്ദങ്ങളെ കൂടുതൽ സ്വാഭാവികമായി തിരിച്ചറിയാൻ സഹായിക്കുന്നു.
ഉപകരണ രൂപകൽപ്പനയിലും ശസ്ത്രക്രിയാരീതികളിലുമുള്ള മുന്നേറ്റങ്ങൾ കാരണം 12 മാസം പ്രായമുള്ള കുട്ടികൾക്ക് പോലും ഇംപ്ലാന്റുകൾ സ്ഥാപിക്കാൻ ഇപ്പോൾ സാധിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിശീലനവുമായി ചേർക്കുമ്പോൾ, ഈ സാങ്കേതികവിദ്യ കുട്ടികളെ സാധാരണ നിലയിലുള്ള സംസാര, ഭാഷാ കഴിവുകൾ നേടാൻ സഹായിക്കുകയും, സാമൂഹികവും വിദ്യാഭ്യാസപരവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
കേൾവിക്കുറവ് സംബന്ധിച്ച ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ മാതാപിതാക്കളുടെ പങ്ക് നിർണായകമാണ്. ഒമ്പത് മാസമായിട്ടും പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക. ആറു മാസമായിട്ടും കൊഞ്ചിപ്പറയാൻ തുടങ്ങാതിരിക്കുക. സംസാര വികാസത്തിൽ കാലതാമസം കാണിക്കുക. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഒരു പീഡിയാട്രിക് ഇ.എൻ.ടി. സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കണം. നേരത്തെയുള്ള പരിശോധനയ്ക്ക് ഒരു ആജീവനാന്ത ആശയവിനിമയത്തിനും നിശബ്ദതയ്ക്കും ഇടയിലുള്ള വ്യത്യാസമാകാൻ കഴിയുമെന്നും, കേൾവിക്കുറവുള്ള കുട്ടികൾക്ക് സമപ്രായക്കാരെപ്പോലെ വളരാനും അഭിവൃദ്ധി പ്രാപിക്കാനും ഇത് അത്യന്താപേക്ഷിതമാണെന്നും ഡോ. ജയ് റിച്ചോ ജോൺസൺ ഓർമ്മിപ്പിക്കുന്നു.