താരദമ്പതികളായ നയന്‍താരക്കും വിഘ്നേശ് ശിവനും ആശംസകളുമായി മഞ്ജു വാര്യര്‍. ഇരുവരുടേയും വിവാഹ വാര്‍ഷിക ദിനത്തിവാണ് മഞ്ജു സമൂഹമാധ്യമത്തിലൂടെ ആശംസ പങ്കുവച്ചത്. 'പ്രിയപ്പെട്ടവര്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍. സന്തോഷമുള്ളവരായും അനുഗ്രഹീതരായുമിരിക്കൂ' എന്നാണ് നയന്‍സിനും വിഘ്നേശിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചത്.
ഇക്കൊല്ലം കുടുംബമായി ഹോങ്കോങ്ങിലാണ് വിവാഹവാര്‍ഷികം ആഘോഷിച്ചത്. നയന്‍താരയെ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ പങ്കുവെച്ചാണ് വിഘ്‌നേഷ് ആശംസകള്‍ നേര്‍ന്നത്. നിന്നെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് വിഘ്നേശ് ഒപ്പം കുറിച്ചു. എപ്പോഴും നമ്മോടൊപ്പം നില്‍ക്കാനും നമ്മളെ സംരക്ഷിക്കാനും ഉയിരിനും ഉലകത്തിനുമൊപ്പം ഒരുപാട് ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും വിഘ്നേശ് കൂട്ടിച്ചേര്‍ത്തു.
നയന്‍താരയും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 'നീയാണ് എന്റെ ഉയിരും ഉലകവും. ഞാന്‍ നിന്നെ എന്നെന്നേക്കും സ്‌നേഹിക്കുന്നു,' എന്നാണ് ഹോങ്കോങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം നയന്‍താര കുറിച്ചത്. വിഘ്‌നേഷിനും മക്കള്‍ക്കുമൊപ്പം ഷോപ്പിങ് മാളില്‍ പോയതും ബോട്ടിങ് നടത്തുന്നതും ഉള്‍പ്പെട്ട ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
2022 ജൂണില്‍ ചെന്നൈയിലായിരുന്നു നയന്‍സിന്‍റേയും വിഘ്നേശിന്‍റേയും വിവാഹം. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. അതേ വര്‍ഷം ഒക്ടോബറില്‍ വാടകഗര്‍ഭധാരണത്തിലൂടെ വിക്കിയും നയന്‍സും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുമായി.