shiloh-jolie-pitt

TOPICS COVERED

തന്‍റെ പേരിൽ നിന്ന് പിതാവിന്‍റെ പേരായ 'പിറ്റ്' ഒഴിവാക്കാൻ ഹര്‍ജി നല്‍കി ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും മകളായ ഷിലോ ജോളി-പിറ്റ്. കഴിഞ്ഞ മെയ് 27 ന്  തന്‍റെ 18-ാം ജന്മദിനത്തിലാണ് പേര് മാറ്റാനായി ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഷിലോ ഹർജി ഫയൽ ചെയ്തത്. തനിക്ക് 18 വയസ്സ് തികഞ്ഞെന്നും പേര് മാറ്റാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നുമാണ് ഹര്‍ജിയില്‍ ഷിലോ പറഞ്ഞത്.  

ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും ആറ് മക്കളിൽ മൂത്തയാളാണ് ഷിലോ. ഇതാദ്യമായല്ല ഇരുവരുടെയും മക്കള്‍ പേരില്‍ നിന്നും പിറ്റിനെ മാറ്റുന്നത്. 15 വയസ്സുള്ള മകൾ വിവിയൻ തന്‍റെ പേരിൽ നിന്ന് "പിറ്റ്" ഒഴിവാക്കിയിരുന്നു. ദി ഔട്ട്സൈഡേര്‍സ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ്  വിവിയന്‍ 'പിറ്റ്' എന്ന പിതാവിന്‍റെ പേര് ഒഴിവാക്കിയത്.  വിവിയന്‍ ജോളി എന്നാണ് പോസ്റ്ററിലുണ്ടായിരുന്നത്.

കഴിഞ്ഞ നവംബറിൽ, ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും മറ്റൊരു മകളായ സഹാറ ഒരു കോളേജ് പരിപാടിക്കിടെ തന്‍റെ പിതാവിന്‍റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു. മറ്റ് മക്കളായ മാഡോക്സ്, പാക്സ്, നോക്സ് എന്നിവരും ബ്രാഡ് പിറ്റിന്‍റെ പേര് സ്വന്തം പേരില്‍ നിന്നും നീക്കിയിരുന്നു. ഷിലോയാണ് ആദ്യമായി നിയമപരമായി പേര് മാറ്റാന്‍ ഹര്‍ജി നല്‍കിയത്. 

2016-ലാണ് ആഞ്ജലീന ജോളിയില്‍ നിന്നും ബ്രാഡ് പിറ്റ് വിവാഹമോചനം നേടിയത്. മക്കളുടെ സംരക്ഷണം പൂര്‍ണ്ണമായും ആഞ്ജലീനയ്ക്ക് വിട്ടുനല്‍കിയായിരുന്നു പിറ്റിന്‍റെ വിവാഹമോചനം. തന്നേയും മക്കളേയും പിറ്റ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന ആഞ്ചലീനയുടെ തുറന്നുപറച്ചില്‍ വിവാദമായിരുന്നു. അതേസമയം ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന നിയമപോരാട്ടം നടക്കുന്നതിനിടെയാണ് മക്കള്‍ പിറ്റിന്‍റെ പേര് മാറ്റുന്നത്.

ENGLISH SUMMARY:

Shiloh Jolie-Pitt requests the removal of 'Pitt' from her name