f1movie

TOPICS COVERED

കാഴ്ച്ചക്കാരെയും ഫോര്‍മുല വണ്‍ കാറിന്റെ കോക്ക്പിറ്റിലെത്തിക്കുന്ന ത്രില്ലര്‍. ഫോര്‍മുല വണ്ണിന്റെ വേഗതയും സസ്പെന്‍സും കൂടെ ബ്രാഡ് പിറ്റിന്റെ ലുക്കും ചേര്‍ന്നതോടെ ആപ്പിളിന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി എഫ്.വണ്‍. റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ ബിഗ് ബജറ്റ് റേസിങ്ങ് ഡ്രാമ  അമേരിക്കയില്‍ നിന്നു മാത്രം നേടിയത് ‌464 കോടി രൂപ. ആദ്യ ആഴ്ച  രാജ്യാന്തര ബോക്സ് ഓഫിസില്‍ നിന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചത് 500 കോടിയെങ്കില്‍ വാരിക്കൂട്ടിയത് 750 കോടിയും. വാണിജ്യ വിജയം നേടുന്ന ആദ്യ ആപ്പിള്‍ സിനിമ കൂടിയാണ് എഫ് വണ്‍.   ആറുവര്‍ഷമായി ആപ്പിള്‍ സിനിമാ ബിസിനസിലേക്ക് ഇറങ്ങിയിട്ടെങ്കിലും ഇതുവരെ ഒരു ഹിറ്റടിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാർട്ടിൻ സ്‌കോർസസെയുടെ കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, റിഡ്‍ലി സ്കോട്ടിന്റെ നെപ്പോളിയന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ഇതോടെ ബ്രാഡ് പിറ്റും ജോര്‍ജ് ക്ലൂണിയും ഒന്നിച്ചെത്തിയ സിനിമ വൂള്‍ഫ്സ്  തിയറ്റര്‍ ഒഴിവാക്കി ആപ്പിള്‍ ടിവി OTTയില്‍ മാത്രമായിരുന്നു റിലീസ്. എഫ് വണ്‍ സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ ആപ്പിള്‍ സിനിമാ ഉപേക്ഷിച്ച് സീരീസുകളില്‍ മാത്രം ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരായേനെ.

ക്രെഡിറ്റില്‍ ഹാമിള്‍ട്ടന്റെ പട്ടിക്കുട്ടിയും

ട്രാക്കിലെ അപകടത്തെതുടര്‍ന്ന് അകാലത്തില്‍ F1 റേസിങ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന സോണി ഹെയ്സിന്റെ കഥയാണ്  സിനിമ. നായകനായി ബ്രാഡ് പിറ്റ്. ഒപ്പം ഹാവിയര്‍ ബാര്‍ഡെം,ഡാംസന്‍ ഇഡ്രിസ്, കെറി കോണ്‍ഡന്‍ എന്നീ ഹോളിവുഡ് താരങ്ങളും. ലൂയിസ് ഹാമിള്‍ട്ടനും മാക്സ് വേര്‍സ്റ്റപ്പനും ഉള്‍പ്പടെ ട്രാക്കിലെ വേഗതാരങ്ങളെല്ലാം സിനിമയില്‍ മുഖംകാണിക്കുന്നു. സിനിമയുടെ എന്‍ഡ് ക്രെഡിറ്റില്‍ ലൂയിസ് ഹാമിള്‍ട്ടന്റെ പട്ടിക്കുട്ടി റോസ്കോയുടെ പേരുവരെ ഇടംപിടിച്ചു. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഹാമിള്‍ട്ടന്‍.

 

യഥാര്‍ഥ ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണവും. റേസിനെ ബാധിക്കാതെ കുറഞ്ഞ സമയത്തില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു പ്രധാന ചലഞ്ച്. സില്‍വര്‍സ്റ്റോണ്‍ റേസില്‍  F1 താരങ്ങള്‍ക്കൊപ്പം ബ്രാഡ് പിറ്റും  ഡാംസന്‍ ഇഡ്രിസും ദേശീയ ഗാനത്തിന് അണിനിരന്നു. യഥാര്‍ഥ റേസര്‍മാര്‍ക്കൊപ്പം കാറില്‍ ഇരുവരും സ്റ്റാര്‍ട്ടിങ് ഗ്രിഡിലേക്ക് എത്തി. കുറഞ്ഞ സമയത്തില്‍ പിഴവുകൂടാതെ ഒറ്റ ടേക്കില്‍ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നു. ഒറ്റപ്പിഴവ് കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കും. പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ യഥാര്‍ഥ റേസിന്റെ പരിശീലന സെഷനും ക്വാളിഫയിങ് സെഷനും ഒപ്പമായിരുന്നു ട്രാക്കിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഫെറാറി താരം ഷാല്‍ ലെക്ലയറിനും മേഴ്സിഡീസിന്റെ ജോര്‍ജ് റസലിനും ഒപ്പം ബ്രാഡ് പിറ്റ് പോഡിയത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരണവേളയില്‍ ആരാധകര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സസ്പെന്‍സ് നിലനിര്‍ത്താന്‍ സിനിമയിലെ രണ്ട് നായകന്‍മാരും പോഡിയത്തില്‍ നിന്ന് വിജയം ആഘോഷിക്കുന്ന രംഗം സംവിധായകന്‍ ജോസഫ് കൊസിന്‍സ്കി ഷൂട്ട് ചെയ്തു. 

ആപ്പിളിന്റെ എന്‍ജിനിയറിങ്ങ് മികവ് 

കാറിനകത്ത് നിന്നുള്ള ഹൈ ക്വാളിറ്റി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന പ്രധാന വെല്ലുവിളി. സാധരണ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ക്യാമറകള്‍ ഉപയോഗിച്ചാല്‍ കാറിന്റെ വേഗതയെ കാര്യമായി ബാധിക്കും. വെല്ലുവിളി ഏറ്റെടുത്ത ആപ്പിള്‍ എന്‍ജിനീയറിങ്ങ് ടീം ഐ ഫോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എഫ് വണ്‍ ബ്രോഡ്കാസ്റ്റ് ക്യാമറകളുടെ  അതേ വലിപ്പത്തിലും ഭാരത്തിലും കസ്റ്റം മൊഡ്യൂള്‍ ഡിസൈന്‍ ഒരുക്കി. ഐ ഫോണ്‍ ക്യാമറ സെന്‍സറും ബാറ്ററിയും  എക്സ്പോഷര്‍ നിയന്ത്രിക്കാന്‍ ന്യൂട്രല്‍ ഡെന്‍സിറ്റി  ഫില്‍റ്ററും  ഉള്‍പ്പെടുത്തി.  ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണ്  ക്യാമറ മൂവ്്മെന്റ് നിയന്ത്രിച്ചു.

F2 കാറില്‍ ബ്രാഡ് പിറ്റ് 

ഫോര്‍മുല വണ്‍ കാറുകള്‍ തന്നെയെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ഥത്തില്‍  ഫോര്‍മുല ടൂ കാറിലാണ് ബ്രാഡ് പിറ്റും ഇഡ്രിസും പാഞ്ഞത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് ഇരുവരും ട്രാക്കിലിറങ്ങിയത്.  പ്രോട്ടോടൈപ്പ് കാറുകള്‍ ഉപയോഗിക്കാമെന്ന  ഐഡിയ എഫ് വണ്‍ ടീം, മെഴ്സിഡീസിന്റെ പ്രിന്‍സിപ്പല്‍ ടോട്ടോ വോള്‍ഫിന്റേതായിരുന്നു. ആറ് എഫ് 2 കാറുകള്‍ വാങ്ങി മേഴ്സിഡീസിന്റെ സഹായത്തോടെ മോഡിഫൈ ചെയ്തു.  എഫ് വണ്‍ കാറുകളുടെ വേഗത മണിക്കൂറില്‍ 378 കിലോമീറ്ററെങ്കില്‍ എഫ് ടു കാറിന്റേത് 335 കിലോമീറ്ററാണ്. നൂറുകിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഫ് വണ്‍ കാറിന് 2.6 സെക്കന്റ് വേണ്ടപ്പോള്‍ എഫ് 2 കാറിന് 2.9 സെക്കന്‍ഡ് വേണം. 

ENGLISH SUMMARY:

F1 The Movie Box Office Collection Day 5: Brad Pitt's Film Inches Closer To Rs 30 Crore Mark