AR-Rahman-and-his-mother

TOPICS COVERED

ഓസ്കര്‍ തിളക്കം ഇന്ത്യയിലേക്ക് കൊണ്ടുവന്ന പ്രതിഭയാണ് എ.ആര്‍.റഹ്മാന്‍. അധികമാര്‍ക്കും എത്തിപ്പിടിക്കാനാവാത്തത്ര ഉയരങ്ങള്‍ കീഴടക്കിയ മാന്ത്രീകന്‍. റഹ്മാനെ പോലെ തന്നെ ലഭിച്ച പുരസ്കാരങ്ങളെ വിലമതിക്കാനാവാത്ത സമ്മാനമായി കണ്ട മറ്റൊരാളാണ് അദ്ദേഹത്തിന്‍റെ അമ്മ. തനിക്ക് കിട്ടിയ പുരസ്കാരങ്ങള്‍ അമ്മ സൂക്ഷിച്ചതിനെ പറ്റി മനസ് തുറക്കുകയാണ് റഹ്മാന്‍.

ഓസ്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ അമ്മ ഒരു തൂവാലയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞു. അമ്മയുടെ മരണ ശേഷം താന്‍ അതെല്ലാം എടുത്ത് ഫിര്‍ദൗസ് സ്​റ്റുഡിയോയില്‍ കൊടുത്തുവെന്നും റഹ്​മാന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അമ്മയേയും ലഭിച്ച പുരസ്​കാരങ്ങളേയും പറ്റി  സംസാരിച്ചത്. 

'ദുബായിലാണ് ഇന്‍റര്‍നാഷണല്‍ അവാര്‍ഡുകളെല്ലാം സൂക്ഷിക്കുന്നത്. എന്‍റെ ഉമ്മ അതെല്ലാം ഒരു തൂവാലയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആ പുരസ്കാരങ്ങളെല്ലാം സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഉമ്മ മരിച്ചതിന് ശേഷം അവരുടെ മുറിയില്‍ പോയി ആ പുരസ്​കാരങ്ങളെല്ലാം എടുത്ത് ഫിര്‍ദൗസ് സ്​റ്റുഡിയോയില്‍ കൊടുത്തു. ഫിര്‍ദൗസ് സ്​റ്റുഡിയോയിലെ നല്ലൊരു ഷോകേസിലാണ് അതിപ്പോളിരിക്കുന്നത്,' റഹ്​മാന്‍ പറഞ്ഞു. 

രണ്ട് ഓസ്​കറും രണ്ട് ഗ്രാമിയും ഒരു ബാഫ്​റ്റയും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്​കാരങ്ങളുമാണ് അന്താരാഷ്​ട്രതലത്തില്‍ റഹ്​മാന്‍ നേടിയിട്ടുള്ളത്. ആറ് ദേശീയ പുരസ്​കാരങ്ങളും 32 ഫിലിംഫെയര്‍ പുരസ്​കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. ഇവ ചെന്നൈയിലുള്ള വസതിയിലെ ഒരു സ്വകാര്യമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും റഹ്​മാന്‍ പറഞ്ഞു. ചില പുരസ്​കാരങ്ങള്‍ തന്‍റെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും സംവിധായകര്‍ അതൊരു സുവനീര്‍ പോലെ സൂക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

AR Rahman talk about his mother and awards