ലെനയുടേയും തന്‍റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണ് വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ബംഗളൂരുവില്‍ നടന്ന വിവാഹ സല്‍ക്കാരചടങ്ങിലാണ് പ്രശാന്തിന്‍റെ വാക്കുകള്‍. ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ സല്‍ക്കാരത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ നന്ദി. ഇത് ഞങ്ങള്‍ രണ്ടുപേര്‍ക്കും സെക്കന്‍ഡ് ഇന്നിങ്സാണ്. പക്ഷേ ഇന്നിവിടെ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോള്‍ ഇത് ജീവിതകാലും മുഴുവനുള്ള ഇന്നിങ്സാണെന്ന് തോന്നുന്നു’. ലെനയെ ചേര്‍ത്തു നിര്‍ത്തി പ്രശാന്ത് പറയുന്നു. ഷഫ് പിള്ള പങ്കുവെച്ച വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലെനയുടെയും പ്രശാന്തിന്‍റെയും വിവാഹത്തിന് താൻ പങ്കെടുത്തു, തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇരുവരെന്നും എല്ലാം ആശംസകളും നേരുന്നുവെന്നും സുരേഷ് പിള്ള കുറിച്ചു.
ഇക്കഴിഞ്ഞ ജനുവരി 17ന് ഒരു സ്വകാര്യ ചടങ്ങില്‍, പരമ്പരാഗതമായ രീതിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ക്യാപ്റ്റന്‍ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു.
Prasanth Balakrishnan Nair about his marriage with lena