bipasha2

മകളുടെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ബിപാഷ ബസു. ഹൃദയത്തില്‍ രണ്ട് സുഷിരങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത് എന്നാണ് ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരം വെളിപ്പെടുത്തുന്നത്. മൂന്ന് മാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടിവന്നതായും താരം പറയുന്നു. 

ബിപാഷ–കരണ്‍ സിങ് ഗ്രോവര്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുഞ്ഞ് ജനിച്ചത്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സാധാരണ മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായിരുന്ന ഞങ്ങളുടെ യാത്ര. മറ്റൊരു അമ്മയ്ക്കും ഇങ്ങനെ സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹൃദയത്തില്‍ സുഷിരവുമായാണ് മകള്‍ ജനിച്ചിരിക്കുന്നതെന്ന് അവളെ പ്രസവിച്ച് മൂന്നാം ദിവസമാണ് ഞാന്‍ അറിയുന്നത്. ഇത് ആരോടും പറയേണ്ട എന്നാണ് കരുതിയത്. എന്നാല്‍ എന്നെ ഈ പ്രതിസന്ധിയില്‍ ഒരുപാട് അമ്മമാര്‍ സഹായിച്ചിരുന്നു.

കുഞ്ഞിന്റെ ഹൃദയത്തിലെ തുളകള്‍ താനെ അടഞ്ഞുപോകുമോ എന്ന് നോക്കി. എന്നാല്‍ ഈ സുഷിരങ്ങള്‍ വലുതായതോടെ മൂന്നാം മാസത്തില്‍ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചു. 40 ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല. ഇപ്പോള്‍ മകളുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളില്ലെന്നും ബിപാഷ പറയുന്നു.