Picture credit @bipashabasu, @mrunalthakur
വൈറലായ ഒരു പഴയ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. നടി മൃണാൾ താക്കൂറിന്‍റേതാണ് വീഡിയോ. കുങ്കുംഭാഗ്യ എന്ന സീരിയലിൽ അഭിനയിക്കുന്ന കാലത്ത് ചിത്രീകരിച്ച വിഡിയോയിൽ, നടി ബിപാഷ ബസു 'മസിലുകളുള്ള പുരുഷനെപ്പോലെ'യാണെന്നായിരുന്നു മൃണാള്‍ വിശേഷിപ്പിച്ചത്. ബിപാഷയെക്കാൾ മികച്ചത് താനാണെന്നും 'മസിലുകളുള്ള പെൺകുട്ടിയെയാണ് നിങ്ങൾ കല്യാണം കഴിക്കാനാഗ്രഹിക്കുന്നതെങ്കില്‍ പോയി ബിപാഷയെ കല്യാണം കഴിച്ചോളൂ' എന്നും തമാശയായി പറയുന്നുണ്ട്. ഇപ്പോഴിതാ, മൃണാളിന്‍റെ ഈ പരാമർശത്തിനുള്ള മറുപടിയെന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ബിപാഷയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാവുകയാണ്.
"ശക്തരായ സ്ത്രീകൾ പരസ്പരം താങ്ങാവുക" എന്നാണ് ബിപാഷ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത് . "സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുകൾ ഉണ്ടാക്കൂ. നമ്മൾ ശക്തരായിരിക്കണം. മസിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കും! സ്ത്രീകൾ ശാരീരികമായി ശക്തരായിരിക്കരുത് എന്ന പഴഞ്ചൻ ചിന്താഗതിയെ തകർക്കുക!" ബിപാഷ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഈ വാക്കുകൾ മൃണാളിനുള്ള പരോക്ഷ മറുപടിയാണെന്നാണ് പലരും കരുതുന്നത്. ബിപാഷയുടെ ഈ പോസ്റ്റിനോട് മൃണാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൃണാളിന്‍റെ പഴയ വീഡിയോയിലെ തമാശ കലർന്ന കമന്‍റുകള്‍ വലിയൊരു വിവാദമായി മാറിയതിൽ ശരിക്കും അമ്പരപ്പിലായത് ആരാധകരാണ്. 'മസിലുകളുള്ള പെൺകുട്ടിയെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പോയി ബിപാഷയെ കല്യാണം കഴിച്ചോളൂ' എന്ന് മൃണാൾ തമാശയായി പറഞ്ഞത് ബിപാഷയുടെ ശ്രദ്ധയിൽ പെട്ടതിനാലാവാം ഇങ്ങനെയൊരു മറുപടിയെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.
Picture credit @bipashabasu
മൃണാൾ താക്കൂറിന്‍റെ പുതിയ ചിത്രം 'സോൺ ഓഫ് സർദാർ 2' ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്തിരുന്നു. അജയ് ദേവ്ഗൺ നായകനായ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ മൃണാൾ 'ഡാക്കോയിറ്റ്: എ ലവ് സ്റ്റോറി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. കൂടാതെ, വരുൺ ധവാനും പൂജ ഹെഗ്‌ഡെയുമൊത്തുള്ള 'ഹായ് ജവാനി തോ ഇഷ്‌ക് ഹോന ഹായ്' എന്ന ചിത്രവും 2026-ൽ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. എന്തായലും ബിപാഷയുടെ പോസ്റ്റിനോട് മൃണാള്‍ പ്രതികരിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. മൃണാൾ തന്‍റെ 'മസിൽമാൻ' കമന്‍റിൽ ഉറച്ചു നിൽക്കുമോ അതോ ക്ഷമാപണം നടത്തുമോ എന്ന് കണ്ടറിയാം.