എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ ആരാധകരുണ്ടായിട്ടുണ്ട്. ലോകമെങ്ങുമുള്ള ആരാധകർ പാട്ടിന് ചുവടുമായി സമൂഹ മാധ്യമങ്ങൾ നിറയ്ക്കുകയാണ്. പാട്ട് കൂടുതൽ ആളുകളിലേക്ക് എത്തുമ്പോൾ ഇത്തവണ ചുവടുമായെത്തിയത് ഇന്ത്യയിലെ കൊറിയൻ എംബസിയാണ്. അംബാസഡർ ചങ് ജേ-ബോക്ക്് എംബസിയിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. അതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ ആശംസകളുമായെത്തി.
കുര്‍ത്തയിട്ട രണ്ട് വനിത ജീവനക്കാരുടെ ചുവടുകളോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് അംബാസിഡറും മറ്റ് ജീവനക്കാരും ഒപ്പംചേരുന്നതോടെ പാട്ടിനൊപ്പം ചുവടുകളും ആഘോഷമാക്കുകയാണ്. ചിത്രത്തിൽ ഗാനരംഗത്തിനിടയില്‍ രാം ചരണും ജൂനിയർ എൻ.ടി.ആറും ഉപയോഗിക്കുന്ന തരം വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച രണ്ടു പേരും വീഡിയോയിലെത്തുന്നുണ്ട്.
‘നിങ്ങൾക്ക് നാട്ടു അറിയാമോ?’ എന്നു തുടങ്ങിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ധാരാളം പേർ ഏറ്റെടുത്ത വീഡിയോയ്ക്ക് ആശംസകളുമായി ആളുകൾ കമന്റ് ചെയ്യുന്നുമുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, അനുരാഗ് താക്കൂര്‍ ഉൾപ്പെടെയുള്ളവരും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.