raja-life

 

ഈച്ച എന്ന സിനിമ ഹിന്ദിയിലേക്ക് ഡബ് ചെയ്യണം. അത് ആര് ചെയ്യണം എന്നായി ആലോചന. പല പേരുകൾ വന്നു. അജയ്‌ദേവ്‌ഗൺ ആയാൽ ഗംഭീരമാകുമെന്ന് ഒരു അഭിപ്രായം. ഒരു ഈച്ച നായകനാകുന്ന സിനിമയ്ക്ക് ശബ്ദം നൽകാൻ അദ്ദേഹം തയാറാകുമോ എന്നായി സംശയം. ഒടുവിൽ റാമോജിറാവു ഫിലിം സിറ്റിയിൽ പോയി അദ്ദേഹത്തെ കണ്ട് സംസാരിച്ചു. ആദ്യം ഞാൻ പടം കാണട്ടെ എന്നിട്ടു തീരുമാനിക്കാമെന്ന് താരത്തിന്റെ മറുപടി. ശരിയെന്ന് പറഞ്ഞ് ആ സംവിധായകൻ മടങ്ങി. പക്ഷേ പടം കണ്ട ശേഷം അജയ്‌ദേവ്‌ഗൺ ആ സംവിധായകനോട് ചോദിച്ചു. സാർ, നിങ്ങളുടെ അടുത്ത സിനിമയിൽ എനിക്കൊരു വേഷം തരാമോ... ദ് മോസ്‌റ്റ് വാണ്ടഡ് ഡയറക്‌ടർ ഇൻ തെലുഗു എന്ന് ആദ്യം വാഴ്ത്തിയവർ, പടങ്ങൾ ഓരോന്ന് കഴിഞ്ഞപ്പോൾ ആ വാഴ്ത്ത് മാറ്റി വിളിച്ചു. ദ് മോസ്‌റ്റ് വാണ്ടഡ് ഡയറക്‌ടർ ഇൻ ഇന്ത്യൻ ഫിലിം ഇൻടസ്ട്രി. കൊടുരി ശ്രീശൈല ശ്രീ രാജമൗലി എന്ന എസ്.എസ്.രാജമൗലി.

 

സംവിധാനം ചെയ്തത് 12 സിനിമകൾ മാത്രം അതിൽ 12 എണ്ണവും സൂപ്പർഡ്യൂപ്പർഹിറ്റുകൾ. ലോകസിനിമയിൽ തന്നെ ഏതെങ്കിലും ഒരു സംവിധായകനോ നടനോ ടെക്നിഷ്യനോ ഇത്തരത്തിലൊരു വിജയം അവകാശപ്പെടാൻ കഴിയുമോ എന്ന് സംശയമാണ്. അതുെകാണ്ട് തന്നെ നിസംശയം പറയാം. രാജമൗലി എന്ന പേരുകാരൻ ഇന്ത്യൻ സിനിമയുടെ രാജയാണെന്ന്. നടന്റെ ഡേറ്റിനായി നിർമാതാക്കൾ ക്യൂ നിൽക്കുന്ന കാലത്തിന് അന്ത്യം കുറിച്ചവരിൽ പ്രമുഖൻ. കോടികൾ പ്രതിഫലം തരാം. മുടക്കേണ്ടത് ആയിരമോ രണ്ടായിരമോ കോടിയാണെങ്കിലും കുഴപ്പമില്ല,  കഥയോ തിരക്കഥയോ, നടൻ ആരെന്നോ നടി ആരെന്നോ അറിയേണ്ട,  എന്തിന് സിനിമ ഏത് വിഭാഗമാണെന്ന് പോലും അറിയേണ്ട.. ഞങ്ങൾക്ക് രാജമൗലിയുടെ ഡേറ്റ് മാത്രം മതി... ഇങ്ങനെ പറഞ്ഞ് നിർമാതാക്കൾ വരി നിൽക്കാൻ തുടങ്ങിയ പതിറ്റാണ്ടാണ് കടന്നുപോകുന്നത്. ആ നേട്ടങ്ങൾക്ക് കിരീടം വച്ച് നൽകുന്നു ‘നാട്ടു നാട്ടുവിന്’ ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരവും. ഇതിെനാപ്പം ഓരോ ഇന്ത്യക്കാരനും പറയുന്നു. ‘രാജാ.. നീ നിനച്ചാൽ ഓസ്കാർ ദൂരെയല്ല..’

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ 15 വിഭാഗങ്ങളില്‍ ഓസ്കറിൽ മത്സരിക്കുന്നുണ്ട്. വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് ഓസ്കർ എത്തുമോ എന്ന കാത്തിരിപ്പിന് നീളം വളരെ കുറച്ചേയുള്ളൂ.. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ഇതിനോടകം അദ്ദേഹം സ്വന്തമാക്കി. ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകർപോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോർഡ് കലക്‌ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർആർആറിനെ ഓസ്കർ വരെ എത്തിച്ചിരിക്കുന്നത്.ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്.

2001ൽ സ്‌റ്റുഡന്റ് നമ്പർ വൺ എന്ന തെലുങ്ക് ചിത്രത്തോടെ തുടക്കം കുറിച്ച രാജമൗലി 2023 ആയപ്പോൾ ലോകസിനിമയ്ക്ക് മുന്നിൽ ഇന്ത്യൻ സിനിമയെ വരച്ചിടുന്ന ബ്രാൻഡായി മാറി കഴിഞ്ഞെന്ന് ഈ നേട്ടങ്ങൾ അടിവരയിടുന്നു. പഴയ വീഞ്ഞ് തന്നെ പുതുപുത്തൻ കുപ്പിയിലാക്കി വിൽക്കുന്ന ഒന്നാന്തരം കച്ചവടക്കാരൻ തന്നെയെന്നും രാജമൗലിയെ വിശേഷിപ്പിക്കാം. പ്രേക്ഷകർ എപ്പോഴും ഒന്നുതന്നെയാണ്. പഴയകാലത്തും പുതിയകാലത്തും. കഥ പറയുന്ന രീതിയാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്. കഥ പോലുമല്ല, പുതിയ രീതിയിൽ പറയുക എന്നതാണ് ആകർഷണം. അതിലെ വികാരങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് പ്രേക്ഷകരല്ല മാറുന്നത്, രീതിയാണ് എന്ന് രാജമൗലി പറയുന്നതും. തന്റെ സിനിമയിലൂടെ കാട്ടിത്തരുന്നതും.കുടുംബത്തിന്റെ പൂർണ പിന്തുണയിൽ കെട്ടിപ്പടുത്തതാണ് രൗജമൗലിയുടെ ഹിറ്റുകളുടെ നിര. അച്ഛൻ കെ.വി. വിജയേന്ദ്രപ്രസാദിന്റെ എഴുത്തിന് രൗജമൗലി നിറം െകാടുക്കുമ്പോൾ അത് ഇന്ത്യ കണ്ട പുതുമയാകുന്നു. അച്ഛനും ഞാനും പക്കാ പ്രഫഷനലായി ജോലിചെയ്യുന്നവരാണെന്നായിരുന്നു ഒരിക്കൽ അദ്ദേഹത്തിന്റെ മറുപടി. ചെറുപ്പത്തിൽ എണ്ണമറ്റ അമർചിത്രകഥകൾ സമ്മാനിച്ച അനന്തപൈ ആയിരുന്നു രൗജമൗലിയുടെ ഹീറോ. പിന്നീട് മുതിർന്നപ്പോൾ വിഖ്യാത അമേരിക്കൻ സംവിധായകനും നടനുമായ മെൽഗിബ്സൺ രാജമൗലിയെ സ്വാധീനിച്ചു. അപ്പോഴും ഇന്ത്യൻ സിനിമകൾക്ക് പരിധികൾ ഉണ്ടെന്ന പല്ലവി വെട്ടിദൂരെയെറിഞ്ഞ് ഓരോ പടവും കൂടുതൽ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നു ഈ ഫിലിം മേക്കർ. പുരാണങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള കഥകളാണ് രാജമൗലിയുടെ ചിത്രങ്ങളുടെ അടിസ്ഥാനമെന്ന് പറയാം. മഹാഭാരതവും രാമായണവുമൊക്കെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സംവിധായകൻ. ആ കഥകൾ പല രൂപത്തിൽ പല ഭാവത്തിൽ സിനിമയാക്കുന്നു. പുരാണങ്ങളിലൊന്നും പരാമർശിക്കപ്പെടാത്ത ഒരു വികാരവും ലോകത്തില്ലെന്ന് അദ്ദേഹം തന്നെ പറയും.

ഈച്ചയും മഹാധീരയും ബാഹുബലിയും ആർആർആറും ചെയ്തപ്പോഴെല്ലാം അദ്ദേഹം നേരിട്ട ഒരു ചോദ്യമുണ്ട്. എന്നാണ് മഹാഭാരതം സിനിമയാക്കുന്നത്. മഹാഭാരതം സിനിമയാക്കണമെങ്കിൽ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും.  സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരും. അതിനു കരിയറിന്റെ ആറുവർഷം നൽകുന്ന ഏത് അഭിനേതാവുണ്ടാകും ഒരു സൂപ്പർതാരത്തിനും സാധിക്കില്ല. അപ്പോൾ  മഹാഭാരതം സിനിമയാക്കണമെങ്കിൽ ‘താരങ്ങളെ’ സൃഷ്ടിക്കേണ്ടി വരും. ആ ചോദ്യങ്ങൾക്ക് മറുപടിയായി രാജമൗലി പറഞ്ഞു. ഇപ്പോഴും രാജ്യം കാത്തിരിപ്പിലാണ് രാജമൗലിയിൽ വിരിയുന്ന മഹാഭാരതം കാണാൻ.

സ്‌റ്റുഡന്റ് നമ്പർ വൺ, സിംഹാദ്രി, സെയ്, ഛത്രപതി, വിക്രമാർക്ടു, യമഡോങ്ക, മഗധീര, മര്യാദ രമണ്ണ, ഈഗ, ബാഹുബലി സീരീസ്, ആർആർആർ... അങ്ങനെ കോടിക്കണക്ക് കൂട്ടി ബോക്സോഫീസിൽ റെക്കോർഡുകൾ. പണംവാരി ചിത്രങ്ങളുടെ പട്ടിക ഓരോതവണയും സ്വന്തം ചിത്രങ്ങൾ െകാണ്ട് തന്നെ മറികടക്കുന്ന ഇന്ത്യയുടെ ജയിംസ് കാമറൂൺ. അങ്ങനെ വാഴ്ത്തലുകൾ ഏറെയാണ്. ഓരോ സീനും ഓരോ ഷോട്ടും തന്റേത് കൂടിയാക്കണം എന്ന വാശിയാണ് രാജമൗലിയെ ഇന്ത്യൻ സിനിമയുടെ രാജയാക്കുന്നത്. വിശ്വസിച്ച് പണം മുടക്കാൻ നിർമാതാവിനും കാശ് െകാടുത്ത് ടിക്കറ്റെടുക്കാൻ സാധാരണക്കാരും ധൈര്യത്തോടെ ഉറപ്പിക്കുന്ന ബ്രാൻഡാണ് ഇന്ന് രാജമൗലി. രാജമൗലിയെ പ്രേക്ഷകന് അറിയാം എന്നപോലെ, പ്രേക്ഷകനെ രാജമൗലിക്കും കൃത്യമായി അറിയാം. അതുകൊണ്ടാണ് ഏത് ബ്രഹ്മാണ്ഡ സിനിമയിലും പ്രേക്ഷകന്റെ ഉള്ളില്‍തൊടുന്ന ജീവിlതം കൂടി രാജമൗലി ഉള്‍ച്ചേര്‍ക്കുന്നത്. ഇന്ത്യന്‍ തിരശ്ശീലയെ ഇനിയുമിനിയും അമ്പരപ്പിക്കാനും ത്രസിപ്പിക്കാനും രാജമൗലിസിനിമകളുടെ പ്രവാഹങ്ങളുണ്ടാകട്ടെ. നേട്ടങ്ങളുടെ പട്ടികപ്പെരുക്കത്തിൽ ഓസ്കാറിലും രാജമുത്തം വീഴുന്ന ആ നിമിഷത്തിനായി കാത്തിരിക്കാം.