jude-anjali

സംവിധായിക അഞ്ജലി മേനോന്റെ വിവാദ അഭിമുഖത്തിനു പിന്നാലെ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

 

‘ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that.’

 

ഒരു ചലച്ചിത്ര നിരൂപകൻ/ നിരൂപക ചലച്ചിത്രത്തെ കുറിച്ച് എഴുതുമ്പോൾ അതിന് മുൻപ് സിനിമാ പ്രക്രിയ എന്തെന്നും, സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അറിഞ്ഞിരിക്കണമെന്നടക്കം പ്രശസ്ത നിരൂപകയും മാധ്യമപ്രവർത്തകയുമായ ഉദയാ താര നായരെ ഉദാഹരണമായി കാട്ടി അഞ്ജലി മേനോൻ നടത്തിയ സംഭാഷണമാണ് വിവാദമായിരിക്കുന്നത്.  

 

‘എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത്? ടെക്നിക്കൽ കാര്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയുമ്പോൾ.. സിനിമയ്ക്ക് ലാഗുണ്ട് എന്ന് പറയുന്ന ടേംസ് ഉണ്ടല്ലോ..എന്താണിത്. എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇങ്ങനെത്തെ കമന്റ് പറയുമ്പോൾ? ഒരു സിനിമയുടെ പേസ് എന്താണെന്ന് ഒരു സംവിധായകൻ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇതായിരിക്കണം എന്റെ കഥ, ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകൾ തമ്മിൽ താരതമ്യം ചെയ്തൊക്കെ ഇവർ സംസാരിക്കും. പക്ഷേ, ഇത് അങ്ങനെ ചെയ്യാൻ പറ്റുന്നതല്ല. എങ്ങനെയാണ് ഒരു സിനിമ നറേറ്റ് ചെയ്യപ്പെടുന്നതെന്ന് മനസിലാക്കണം. എന്താണ് ഒരു സിനിമയിലുള്ളത്...ഇതിലെ ടെക്നിക്കൽ ഏരിയയിലെ കമന്റ്സൊക്കെ വളരെ സ്വാഗതാർഹമാണ്. ഞാൻ ക്രിട്ടിക് റിവ്യൂ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. അത് വളരെ പ്രാധാന്യമുള്ളതും നല്ലതുമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ചലച്ചിത്ര നിരൂപണം ഞങ്ങൾക്കൊക്കെ പഠിക്കാനുണ്ടായിരുന്ന ഒരു വിഷയമായിരുന്നു അത്. സിനിമ എന്ന മാധ്യമത്തെ മനസിലാക്കേണ്ടത് സുപ്രധാനമാണ്. റിവ്യൂ ചെയ്യുന്നവർ കുറച്ച് കൂടി സിനിമയെന്ന മാധ്യമത്തെ മനസിലാക്കി സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം വളരെ പ്രധാനമാണ്’– എന്നാണ് അഞ്ജലി മേനോൻ പറഞ്ഞത്.

 

പിന്നാലെ താൻ പറഞ്ഞ അഭിപ്രായം സാധാരണ പ്രേക്ഷകനെ കുറിച്ചല്ലെന്നും ചലച്ചിത്ര നിരൂപണം പ്രൊഫഷനായി കൊണ്ടുനടക്കുന്നവരെ കുറിച്ചാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ വേദനയും ബുദ്ധിമുട്ടുമുണ്ടെന്നും അവർ മനോരമന്യൂസ്.കോമിനോട് പ്രതികരിച്ചിരുന്നു.