മോഹൻലാൽ സിനിമകൾ പുറത്തിറങ്ങുന്ന ദിവസം തന്നെ ആദ്യ പ്രദർശനം കാണുകയെന്ന പതിവ് ശ്രീദേവി അന്തർജനം ഇത്തവണയും തെറ്റിച്ചില്ല. ‘ആറാട്ട്’ കോട്ടയ്ക്കലിലെ തിയറ്ററിൽ നിന്നാണ് കണ്ടത്. കൊടുങ്ങല്ലൂർ സ്വദേശിനിയായ ശ്രീദേവി അന്തർജനം കോട്ടയ്ക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലെ ജോലിക്കാരിയാണ്.
കുട്ടിക്കാലം മുതലേ സിനിമകളോട് വലിയ താൽപര്യമാണ്. മിക്ക പടങ്ങളും കാണും. എന്നാൽ, മോഹൻലാലിന്റെ ആദ്യ സിനിമയായ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" മുതലുള്ളവയെല്ലാം ആദ്യഷോ തന്നെ കണ്ടിട്ടുണ്ട്. കൊടുങ്ങല്ലൂരിലെയും തൃശൂരിലെയും തിയറ്ററുകളിൽ നിന്നാണ് അദ്ദേഹത്തിന്റെ ആദ്യകാല സിനിമകൾ കണ്ടത്. 28 വർഷമായി കോട്ടയ്ക്കലിലെത്തിയിട്ട്. അന്നുമുതൽ മോഹൻലാൽ സിനിമ പുറത്തിറങ്ങുന്ന ദിവസം കാണാനായി ഒരു ടിക്കറ്റ് കോട്ടയ്ക്കലിലെ തിയറ്റർ ഉടമകൾ ഇവർക്കായി മാറ്റിവച്ചിരിക്കും.
"മറ്റുള്ളവർ അഭിപ്രായം പറയുന്നതിനു മുൻപായി നേരിൽ കാണാമല്ലോ." ശ്രീദേവി അന്തർജനം ഇതിനു പറയുന്ന കാരണമിതാണ്. 9 വർഷം മുൻപ് മോഹൻലാൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരെ സന്ദർശിച്ചപ്പോൾ അടുത്തുകണ്ടതിന്റെ "ത്രിൽ" ഇപ്പോഴും ഇവരെ വിട്ടകന്നിട്ടില്ല.