ഫിഫ ഖത്തർ ലോകകപ്പിന് ആദരമായി മോഹൻലാലിന്‍റെ സംഗീത ആൽബം. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ആൽബം ദോഹയിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സുപ്രിം കമ്മിറ്റി പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഫുട്ബോളിനെ ജീവവായുപോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവൻസ് ഫുട്ബോളിനെയും കുറിച്ചാണ് ആൽബം. ലോകകപ്പിന് മൽസരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്‍റെ ഫുട്ബോൾ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിലൂടെ
മലപ്പുറത്തിന്‍റെ ഫുട്ബോൾ പ്രേമത്തോടുള്ള ആദരമായിട്ടാണ് ഗാനമൊരുക്കിയതെന്ന് ദോഹയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ടി.കെ.രാജീവ്കുമാറാണ് സംവിധാനം. സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോൾ എന്ന മോഹൻലാലിന്‍റെ വാചകത്തോടെയാണ് ആൽബം അവസാനിക്കുന്നത്