hareesh-dhanush

നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നടനാണ് ഹരീഷ് പേരടി. സിനിമാ, രാഷ്ട്രീയ രംഗത്തുള്ളവർ താരത്തിന്റെ വിമർശനത്തിനും പരിഹാസത്തിനും നിരവധി തവണ വിധേയരായിട്ടുണ്ട്. അവസരങ്ങൾ കിട്ടാൻ വേണ്ടി ആരുടേയും കാൽ പിടിക്കാൻ ഹരീഷ് പേരടി എന്ന നടനെ കിട്ടില്ല. അതു കൊണ്ടു അദ്ദേഹത്തിന് ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്. കുറിക്കു കൊള്ളുന്ന അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ശ്രദ്ധേയമാണ്. 

 

മലയാള സിനിമയിൽ അവസരങ്ങൾ കുറയുന്നതായി സൂചിപ്പിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. തമിഴ് സെറ്റിൽ നിന്നും നടൻ ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. മലയാളത്തിൽ അവസരങ്ങൾ കുറവായതുകൊണ്ട് തമിഴിൽ ധനുഷിനെപ്പോലെയുള്ള താരങ്ങളുടെ അച്ഛനും േചട്ടനും വില്ലനുമൊക്കെയായി അഭിനയിച്ചാണ് ജീവിക്കുന്നതെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ ഹരീഷ് അഭിപ്രായപ്പെട്ടത്.

 

‘മലയാളത്തിൽ അവസരങ്ങൾ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാർഡുകളൊക്കെ വാങ്ങിയ ഇത്തരം ആർട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി,അല്ല പൊങ്കൽ കഴിച്ച് ജീവിക്കുകയാണ്..എല്ലാ മലയാളികളും അനുഗ്രഹിക്കണം...മലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല ...അതുകൊണ്ടാ.’–ഹരീഷ് പേരടി കുറിച്ചു.