‘ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...’ അപ്പോഴേക്കും മാമുക്കോയയുടെ ചുണ്ടിലേക്ക് ഒരു എരിയുന്ന സിഗററ്റും തൊപ്പിയും സ്വർണ മാലയും പറന്നെത്തും. തഗ് ലൈഫ് എന്നു പറഞ്ഞാൽ എജ്ജാതി തഗ് ലൈഫ്.. വീട്ടിലിരിക്കുന്ന മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുകയാണ് മാമുക്കോയ മുൻപ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന മാമുക്കോയ കോമഡികൾ ഈ കൊറോണ കാലത്ത് വൈറലാവുകയാണ്. ഇതേ കുറിച്ച് ‘തഗ് ലൈഫുകളുടെ സുൽത്താൻ’ മാമുക്കോയ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.
‘അന്ന് പലരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് ഇപ്പോൾ പിള്ളേര് പൊടി തട്ടിയെടുക്കുന്നത്. ഒരുപാട് പേര് വിളിക്കുന്നുണ്ട്. ചാനലുകളിൽ നിന്നും പലരും വന്നു. ഇൗ കൊറോണ കാലത്ത് ആളുകൾ വീട്ടിലിരിക്കുമ്പോൾ ചിരിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ്. 30 വർഷങ്ങൾക്ക് മുൻപ് ചെയത് സിനിമയിലെ ഡയലോഗുകൾ പോലും ഇപ്പോൾ വൈറലാകുന്നുണ്ട്. അന്ന് ഇതൊന്നും ഇത്ര കാര്യമായി എടുത്തിരുന്നില്ല ആരും. അന്ന് ചിരിച്ചിരുന്നോ എന്നുപോലും സംശയമുണ്ട്. എന്നാൽ ഇപ്പോൾ അതുമാറി. ഈ വല്ലാത്ത സമയത്ത് ചിരി ഒരു മരുന്നാവട്ടെ.
ഇപ്പോൾ വൈറലാകുന്നതിൽ പലതും ഞാൻ എന്റെ ശൈലിയിൽ കയ്യീന്ന് ഇട്ട് പറഞ്ഞതാണ്. ചിലതൊക്കെ സ്ക്രിപ്പ്റ്റിലുണ്ടാകും. കോഴിക്കോടൻ ശൈലിയിൽ അതു പറയുമ്പോൾ ഒരു കേൾവി സുഖം ഉണ്ട്. അന്നത്തെ എന്റെ സംവിധായകർ തന്ന സ്വാതന്ത്ര്യം കൂടിയാണ് ഇപ്പോൾ ജനം ഏറ്റെടുക്കുന്നത് എന്നതും സന്തോഷം തരുന്നു. എല്ലാവരും വീടുകളിൽ ഇരുന്ന് ഇതൊക്കെ കണ്ട് സന്തോഷിക്കട്ടെ..’ മാമുക്കോയ പറഞ്ഞു.